ഊരാളുങ്കല്‍ സൊസൈറ്റി രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി  ശതാബ്ദിയാഘോഷത്തിനു പ്രൗഢോജ്ജ്വലതുടക്കം

ഊരാളുങ്കല്‍ സൊസൈറ്റി രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി ശതാബ്ദിയാഘോഷത്തിനു പ്രൗഢോജ്ജ്വലതുടക്കം

ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുകയും ലാഭം തൊഴിലാളികളുടെയും നാടിന്റെയും ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന മാതൃകാസ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റിക്കു സര്‍ക്കാരുകള്‍ നല്കുന്ന ന്യായമായ ആനുകൂല്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നവര്‍ ആരെയാണു സഹായിക്കുന്നതെന്നു ജനങ്ങള്‍ക്കു നന്നായി മനസിലാകുന്നുണ്ടെന്നും മാദ്ധ്യമങ്ങള്‍ ആ സമീപനം തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വടകര മടപ്പള്ളി ജിഎച്ഛ്എസ് സ്‌കൂളങ്കണത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കും അനീതിക്കും എതിരായ ഗുരു വാഗ്ഭടാനന്ദന്റെ ഉപദേശങ്ങള്‍ ഉദ്ധരിച്ച മുഖ്യമന്ത്രി ആ പാതയില്‍നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുന്നതാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ചയുടെ ആധാരം എന്ന് അഭിപ്രായപ്പെട്ടു. തൊഴിലാളിസഹകരണസംഘം സ്വകാര്യസ്ഥാപനംപോലെ വ്യക്തികളുടെ ലാഭത്തിനായുള്ളതല്ല. അത്തരം സാമൂഹികസംരംഭങ്ങള്‍ കൈവരിക്കുന്ന നേട്ടം ആ സമൂഹത്തിന്റെയാകെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമാണു വിനിയോഗിക്കപ്പെടുക. ഈ വലിയ വ്യത്യാസം മനസിലാക്കാത്തവരാണ് സാമൂഹികസംരംഭങ്ങളായ സഹകരണസ്ഥാപനങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് എന്തോ അപരാധമാണെന്നു കാണുന്നത്. വാര്‍ത്ത തെരഞ്ഞെടുക്കുന്നതില്‍ ഈ സാമൂഹികബോധം ആധാരമാക്കണം.

18,000 പേര്‍ക്കു തൊഴില്‍ നല്കുന്ന ഒരു സാമൂഹികസംരംഭത്തിന് നിക്ഷേപം സമാഹരിക്കാന്‍ അരശതമാനം പലിശ കൂടുതല്‍ അനുവദിച്ചാല്‍പ്പോലും വാര്‍ത്തയാണ്. നിര്‍മ്മാണങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ നിശ്ചിതതുകവരെയുള്ള കരാറുകള്‍ ടെന്‍ഡര്‍കൂടാതെ നല്കാനായി സര്‍ക്കാര്‍-സര്‍ക്കാരിതര-സഹകരണ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്തത് 2015-ല്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാരാണ്. ആ തീരുമാനം പലനിലയ്ക്കും ഉചിതമായിരുന്നു. ഇത് കോടതിയും ശരിവച്ചതാണ്. എന്നാലും, ആ ഉത്തരവു പുതുക്കി ഇറക്കുമ്പോഴെല്ലാം ചില മാദ്ധ്യമങ്ങള്‍ക്കു വാര്‍ത്തയും ചര്‍ച്ചയും ആണ്.

ആ ഉത്തരവുപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഏതെങ്കിലും കരാര്‍ നല്കുന്നതും വാര്‍ത്തയാണ്. അതേ പട്ടികയിലുള്ള മറ്റു സര്‍ക്കാരിതരസ്ഥാപനങ്ങള്‍ക്കു കൊടുക്കുന്നതിലൊന്നും സങ്കടമില്ല. സഹകരണസംഘത്തിനു കൊടുക്കുന്നതിലാണു സങ്കടം. ഈ വാര്‍ത്തയെല്ലാം ആരെ സഹായിക്കാനാണ് എന്നു പൊതുസമൂഹം കൃത്യമായി മനസിലാക്കുന്നുണ്ട് എന്ന് വാര്‍ത്ത നല്കുന്നവര്‍ ഓര്‍ക്കണം.

രാജ്യത്തെ മുന്‍നിരക്കമ്പനികളോടു മത്സരിക്കാനും കരാറെടുക്കാനും കഴിയുന്ന കേരളത്തിലെ ഏക സ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റി സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ തൊഴില്‍ ദാതാവാണത്. കാലികമായ വൈവിദ്ധ്യവത്ക്കരണത്തിലൂടെ ലോകത്തു രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഊരാളുങ്കല്‍ സൊസൈറ്റി ഇനിയുമേറെ വളര്‍ന്നുവികസിക്കട്ടെ എന്നു മുഖ്യമന്ത്രി ആശംസിച്ചു.

‘ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും’ എന്ന മനോജ് കെ. പുതിയവിളയുടെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ഗ്രന്ഥശാലാസഹകരണസംഘം പ്രസിദ്ധീകരിച്ച പുസ്തകം ശതബ്ദിയോടനുബന്ധിച്ചു പുറത്തിറക്കുന്ന 15 പുസ്തകങ്ങളില്‍ ആദ്യത്തേതാണ്. ടി. പദ്മനാഭന്റെ അവതാരികയോടുകൂടിയ പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സഹകരണ-തുറമുഖമന്ത്രി വി. എന്‍. വാസവന്‍, സഹകരണമേഖലയ്ക്ക് ഊരാളുങ്കലിന്റെ ചരിത്രത്തില്‍നിന്നു പലതും പഠിക്കാനുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കാര്യക്ഷമതയും മികവും ഗുണമേന്മയിലുള്ള നിഷ്ഠയും സവിശേഷപ്രവര്‍ത്തനശൈലിയും മന്ത്രി വിശദീകരിച്ചു.

മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, എ. കെ ശശീന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ആംസ്‌കാരികനായകരായ ടി. പത്മനാഭന്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എംഎല്‍എമാരായ കെ. കെ. രമ, ഇ. കെ. വിജയന്‍, മുന്‍ മന്ത്രിമാരായ എം. കെ. മുനീര്‍, സി. കെ. നാണു, ചീഫ് സെക്രട്ടറി ഡോ. വി. വേണു, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സഹകരണസംഘം രജിസ്ട്രാര്‍ ടി. വി. സുഭാഷ്, വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി. സതീദേവി, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ-പസഫിക് മേഖലാ ഡയറക്ടര്‍ ബാലു. ജി. അയ്യര്‍, പത്മശ്രീ മീനാക്ഷിയമ്മ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി. പി. ജോണ്‍, ലേബര്‍ഫെഡ് ചെയര്‍മാന്‍ എ. സി. മാത്യു, കേരള ഗ്രന്ഥശാല സഹകരണ സംഘം പ്രസിഡന്റ് പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കേരള ആത്മവിദ്യാ സംഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍, വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ശ്രീമതി. കെ. പി. ബിന്ദു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കെ. പി, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. മിനിക, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍. എം. വിമല, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശന്‍, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു വള്ളില്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നേതാക്കളായ പി. മോഹനന്‍, സത്യന്‍ മൊകേരി, കെ. പ്രവീണ്‍ കുമാര്‍, കെ. പി. ശ്രീശന്‍, കെ. കെ. ബാലന്‍, എം. എ. റസാക്ക്, മനയത്ത് ചന്ദ്രന്‍, എന്‍. പി. ഭാസ്‌ക്കരന്‍, മുക്കം മുഹമ്മദ്, കെ. ലോഹ്യ, സി. എച്ച്. ഹമീദ്, വി. ഗോപാലന്‍, ടി. എം. ജോസഫ്, എം. കെ. ഭാസ്‌ക്കരന്‍, സാലിഹ് കൂടത്തായി, കെ. കെ. മുഹമ്മദ്, ആത്മവിദ്യാസംഘം പ്രതിനിധികള്‍ പി. വി. കുമാരന്‍, പാലേരി മോഹനന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സൊസൈറ്റി ചെയര്‍മാന രമേശന്‍ പാലേരി സ്വാഗതവും എംഡി എസ്. ഷാജു നന്ദിയും പറഞ്ഞു.

 

 

ഊരാളുങ്കല്‍ സൊസൈറ്റി രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

ശതാബ്ദിയാഘോഷത്തിനു പ്രൗഢോജ്ജ്വലതുടക്കം

 

Share

Leave a Reply

Your email address will not be published. Required fields are marked *