കോഴിക്കാട്: പുതിയ കാലം വിസ്മരിച്ചു പോയ സ്വാതന്ത്ര്യ സമര സേനാനികളില്‍ മുന്‍ നിരയില്‍ നിന്ന ധീര ദേശാഭിമാനികളെ പരിചയപ്പെടുത്തുന്ന തിക്കോടി നാരായണന്റെ ഡബ്ല്യു സി. ബാനര്‍ജി മുതല്‍ ജെ.ബി കൃപലാനിവരെ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ – രാഷ്ട്രീയ ആംദോലന്‍ കെ കര്‍ണ്ണധാര്‍ എന്ന കൃതി പ്രകാശനം ചെയ്തു. ചരിത്രത്തെ മറക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം ചില പുതിയ ഓര്‍മപ്പെടുത്തലുകള്‍ നടത്തും. ആ ഓര്‍മ്മപ്പെടുത്തലുകളുടെ ഭാഗമായിട്ടാണ് ദേശീയ നേതാക്കന്മാരുടെ ജീവചരിത്ര കുറിപ്പുകള്‍ പുസ്തകത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.
ആകാശവാണിയില്‍ നിന്ന് അസിസ്റ്റന്റ് ഡയരക്ടറായി വിരമിച്ച ഡോ.ഒ.വാസവനാണ് ഹിന്ദി വായനക്കാര്‍ക്കായി പുസ്തകം വിവര്‍ത്തനം ചെയ്തത്. സരോജിനി നായിഡുവിന്റെ ജന്മദിനത്തില്‍ ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച പരിപാടിയില്‍ നോവലിസ്റ്റ് യു.കെ.കുമാരന്‍ പുസ്തകം പ്രകാശനം ചെയ്തു.ഡോ. പി.കെ.രാധാമണി ആദ്യ പ്രതി ഏറ്റുവാങ്ങി. ‘സ്വാതന്ത്ര്യത്തിന്റെ അമൃതകാലം പിന്നിടുമ്പോള്‍ ‘ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.ഒരു ജനതയുടെ ആവേശവും ഊര്‍ജ്ജവുമായിരുന്ന ദേശീയ നേതാക്കന്മാരുടെ ത്യാഗങ്ങള്‍ കെട്ടുകഥകളായി ചിത്രീകരിക്കപ്പെടുകയും പ്രതി ചരിത്രം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ധീര ദേശാഭിമാനികളുടെ ജീവിത കഥ പറയുന്ന പുസ്തകത്തിന് പ്രസക്തിയുണ്ടെന്ന് യു.കെ.കുമാരന്‍ പറഞ്ഞു.ദേശീയ പ്രക്ഷോഭ കാലത്തെ രാഷ്ട്രീയക്കാര്‍ അക്ഷരങ്ങളെ പ്രണയിച്ചവരായിരുന്നുവെന്നും സരോജിനി നായിഡു നാടിനെ സര്‍ഗ്ഗാത്മകമാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.സി.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ജനാധിപത്യം നിലനില്‍ക്കുന്നത് ജീവിത മൂല്യങ്ങളിലൂടെയാണെന്നും അത് പകര്‍ന്ന് നല്‍കിയത് ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യ സമര നായകന്മാരാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.രാജലക്ഷ്മി സരോജിനി നായിഡു അനുസ്മരണ പ്രഭാഷണം നടത്തി. തിക്കോടി നാരായണന്‍ രചനാനുഭവവും ഡോ.ഒ.വാസവന്‍ വിവര്‍ത്തനാനുഭവവും പങ്കുവെച്ചു.ഡോ.ഇ.കെ. സ്വര്‍ണ്ണകുമാരി, ഡോ.പി.കെ രാധാമണി, കെ.രാജേന്ദ്രന്‍ സഫിയ നരിമുക്കില്‍, കെ.എംവേണുഗോപാല്‍ സംസാരിച്ചു.
ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരുടെ
ഓര്‍മ്മകള്‍ പുതുക്കി പുസ്തക പ്രകാശനം