അബുദാബി : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ.യില്‍. അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. യു.എ.ഇ യിലെ നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
അബുദാബി സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഹ്ലന്‍ മോദി സമ്മേളനത്തില്‍ ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി മോദി ചര്‍ച്ച നടത്തും.ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുകയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിവിധപ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ചര്‍ച്ചകളുണ്ടാകും.
അഹ്ലന്‍ മോദി സമ്മേളനത്തില്‍ 65,000-ത്തിലേറെ പേര്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി. 150-ലേറെ ഇന്ത്യന്‍ സംഘടനകളും യു.എ.ഇ.യിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പരിപാടിക്കെത്തും.
അബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനവും ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമര്‍പ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കര്‍മങ്ങള്‍ക്ക് നേതൃത്വംനല്‍കും.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം മാര്‍ച്ച് ഒന്നുമുതലാണ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഇന്ന് യു.എ.ഇ.യില്‍; ‘അഹ്ലന്‍ മോദി’ ഇന്ന് വൈകിട്ട്