ന്യൂഡല്‍ഹി: അന്തരിച്ച വിഖ്യാത ചിത്രകാരനും ശില്പിയുമായ എ. രാമചന്ദ്രന് രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു.മൃതദേഹം തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍
സംസ്‌കരിച്ചു.രാവിലെ ട്രാവന്‍കൂര്‍ പാലസില്‍ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പൊതുദര്‍ശനത്തിനുവെച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കേരള റെസിഡന്റ് കമ്മിഷണര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാമചന്ദ്രന്റെ ഭാര്യ ചമേലി, മക്കളായ സുജാത, രാഹുല്‍ എന്നിവരെ ഇരുവരും അനുശോചനം അറിയിച്ചു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, സി.പി.എം. ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ആനിരാജ, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ നവീന്‍ ചൗള, ഭാര്യ രൂപിക ചൗള, ചിത്രകാരന്‍ ജതിന്‍ ദാസ്, വേദ് നയ്യാര്‍, ഡി.സി. രവി എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനുവേണ്ടി കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള ലളിതകലാ അക്കാദമിക്കായി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനായി അഡീഷണല്‍ റെസിഡന്റ് കമ്മിഷണര്‍ ചേതന്‍കുമാര്‍ മീണ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നോര്‍ക്കയ്ക്കായി ഡിവലപ്മെന്റ് ഓഫീസര്‍ ഷാജിമോന്‍, കാര്‍ട്ടൂണ്‍ അക്കാദമിക്കായി ചെയര്‍മാന്‍ സുധീര്‍നാഥ് എന്നിവരും പുഷ്പചക്രം സമര്‍പ്പിച്ചു.
ചിത്രകലാരംഗത്ത് പ്രശസ്തരായ പൂജ ഹിരണ്ണ, ജി.ആര്‍. ഹിരണ്ണ, മനീഷ ഹീര ബസ്വാവാനി, എം.എല്‍. ജോണി, പ്രേംജിഷ് ആചാരി, പി.എസ്. ജോഷ്, ഉമാനായര്‍, കാഞ്ചന്‍ ചന്ദര്‍, ശ്വാലിനി സ്വനായി, അശോക് വാജ്പേയി എന്നിവരും സാംസ്‌കാരികരംഗത്തെ ഒട്ടേറെ പ്രമുഖരും രാമചന്ദ്രന്റെ ശിഷ്യരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.ശനിയാഴ്ചയായിരുന്നു എ. രാമചന്ദ്രന്‍ ഡല്‍ഹിയിലെ വസതിയില്‍ അന്തരിച്ചത്.
ചിത്രകാരന്‍ എ. രാമചന്ദ്രന് അന്ത്യാഞ്ജലികളര്‍പ്പിച്ച് പ്രമുഖര്‍