മമ്മുട്ടി ചിത്രം ഭ്രമയുഗം റിലീസിനൊരുങ്ങുന്നു

മമ്മുട്ടി ചിത്രം ഭ്രമയുഗം റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഭ്രമയുഗം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തുന്നു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്ലറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയോടൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ.എന്‍.ഒ.ടി സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് ഭ്രമയുഗം ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചുവെന്ന് വ്യക്തമാക്കി.

”സിനിമ കാണാന്‍ വരുമ്പോള്‍ മുന്‍ വിധികള്‍ ഇല്ലാതെ വരുന്നതായിരിക്കും നല്ലത്. ഈ സിനിമയില്‍ വില്ലനും നായകനുമില്ല. എല്ലാം കഥാപാത്രങ്ങളാണ്. ധര്‍മ്മം, അധര്‍മ്മം എന്നൊന്നുമില്ല. ഒരു കല ആത്യന്തികമായി രസിപ്പിക്കുന്നത് പ്രേക്ഷകരെയാണ്.

ഇതൊരു കാലഘട്ടത്തിന്റെ സിനിമയാണ്. സിനിമയില്ലാതിരുന്നൊരു കാലഘട്ടത്തിന്റെ സിനിമയാണ്. അങ്ങനെയും പറയാം. പക്ഷേ അതൊന്നുമല്ല. ബ്ലാക്ക് ആന്റ് വൈറ്റ് പുതിയ തലമുറ അനുഭവിക്കാത്ത ഒന്നാണ്. അതുകൊണ്ട് ഒന്നു കണ്ടറിയാം. ഈ സിനിമ അതിന് പറ്റിയ ഒന്നാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ ഒരു നൊസ്റ്റാള്‍ജിയയാണ്. ഹോളിവുഡില്‍ ആര്‍ട്ടിസ്റ്റ് എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വന്നത്. ഓസ്‌കര്‍ അടക്കം ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ്.

”സിനിമ തന്നെ ഒരു പരീക്ഷണമാണ്. അതുകൊണ്ട് തന്നെ പരീക്ഷണ ചിത്രം എന്ന് വിളിക്കുന്നതില്‍ അര്‍ഥഥമില്ല. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അതില്‍ പലതും മനപൂര്‍വ്വം സംഭവിക്കുന്നതല്ല.

എന്നെ സംബന്ധിച്ച് എന്തും ചെയ്യണമെന്നായിരുന്നു എനിക്ക് ആഗ്രഹം. സിനിമയില്‍ ഞാന്‍ വന്നപ്പോള്‍ ഈ പറഞ്ഞ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. സിനിമയില്‍ നിന്ന് സിനിമ മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളൂ. അതിനൊപ്പം ലഭിച്ചതെല്ലാം. ബോണസായിരുന്നു. ഇനിയും അങ്ങിനെ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. എനിക്കൊന്നേ പറയാനുള്ളൂ, കൂടെയുണ്ടാകണം, വഴിയിലിട്ട് പോയ് കളയരുത്”- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഭൂതകാലം കണ്ട അനുഭവം വച്ച് ഈ സിനിമ കാണാന്‍ വരരുത്. ഇത് മറ്റൊരു സിനിമയാണ്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു ടെസ്റ്റ് ഷൂട്ട് ചെയ്ത് മമ്മൂക്കയെ കാണിച്ചു. എല്ലാവര്‍ക്കും ഇത് ഇഷ്ടമായി.ഇതുപോലെ സഹകരിക്കുന്ന ഒടു ടീം ഇല്ലായിരുന്നുവെങ്കില്‍ ഭ്രമയുഗം സാധ്യമാകില്ലായിരുന്നു- സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

 

മമ്മുട്ടി ചിത്രം ഭ്രമയുഗം റിലീസിനൊരുങ്ങുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *