തൃപ്പൂണിത്തുറ പുതിയ കാവ് ഭഗവതിക്ഷേത്ര താലപൊലിയുടെ ഭാഗമായി വെടിക്കെട്ടിനുള്ള പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് ജീവന്‍ പൊലിയുകയും, ഗുരുതര നിലയില്‍ നാലുപേര്‍ ആശുപത്രിയിലുമാണ്. വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായാണ് പടക്കങ്ങള്‍ സൂക്ഷിച്ചതെന്നും പൊലീസ് വ്യക്തമാക്കുമ്പോള്‍ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ക്ഷേത്രോത്സവങ്ങളില്‍ വെടിക്കെട്ട് നടത്തണമെങ്കില്‍ മുന്‍കൂര്‍ പൊലീസ് അനുമതി വാങ്ങണം. എന്നാല്‍ പൊലീസിനെ അറിയിക്കാതെയാണ് വെടിക്കെട്ട് നടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്. അങ്ങിനെയെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണം. പടക്ക ശേഖരം പൊട്ടിത്തെറിച്ച് സമീപത്തെ വീടുകള്‍ക്കും മറ്റും വലിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കാന്‍ നടപടികളുണ്ടാവണം. ഉത്സവമായാലും പെരുന്നാളുകളായാലും ആഘോഷം അതിര് വിടുമ്പോള്‍ അപകടങ്ങള്‍ തുടര്‍കഥയാവുകയാണ്. ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇക്കാര്യം പരിശോധിക്കുകയും, മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും വേണം. നിയമം കര്‍ശനമായി പാലിക്കപ്പെടുകയും കുറ്റക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് ശിക്ഷ ഉറപ്പാക്കിയാലേ ഇത്തരം ദുരന്തങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കാനാകൂ.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്. അന്ന് നൂറിലധികം പേരാണ് മരണപ്പെട്ടത്. മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ് പോയിട്ടെന്ത് ആഘോഷമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ചിന്തിച്ചാല്‍ ദുരന്തങ്ങള്‍ കുറയ്ക്കാനാകും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ക്ക് തയ്യാറാവേണ്ടതുണ്ട്.