കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ട്രാക്ടറുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തിയില്‍ എത്തിയത്.പോലീസ് ഇവിടെ കഴിഞ്ഞ ദിവസം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു.ബാരിക്കേഡുകള്‍ തങ്ങള്‍ക്ക് വിഷയമല്ലെന്നും ഏതാനും മിനിറ്റുകള്‍ക്കകം ബാരിക്കേഡുകള്‍ മറികടക്കുമെന്ന് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു. വന്‍ പോലീസ് സന്നാഹമാണ് അതിര്‍ത്തിയില്‍ വിന്യസിച്ചത്.
വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.

പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റിയ കര്‍ഷകര്‍, ഇവ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞു. ഇതോടെ, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ചിതറിയോടിയ കര്‍ഷകര്‍, വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡുകള്‍ എടുത്തു മാറ്റാനുള്ള ശ്രമം തുടരുകയാണ്. കണ്ണീര്‍ വാതകം പ്രയോഗിക്കാനായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് ആദ്യം എത്തിയത്. ഹരിയാന ഭാഗത്തുനിന്നുള്ള കര്‍ഷകരും ഇവിടേക്ക് എത്തുന്നുണ്ട്. ആറു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. അനിശ്ചിതകാലത്തേക്ക് സമരം നീണ്ടുപോകുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.

രാവിലെ പത്തുമണിയോടെയാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ഡല്‍ഹിയിലെ പ്രധാന പാതകളില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കര്‍ഷക സമരത്തെ നേരിടാനായി ഡല്‍ഹിയില്‍ 11 കമ്പനി അധിക പോലീസ് സേനയെ വിന്യസിച്ചതായി ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയേന്ദ്ര കുമാര്‍ അറിയിച്ചു.

 

 

 

കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

Share

Leave a Reply

Your email address will not be published. Required fields are marked *