മാസപ്പടി കേസില്‍ മുഖ്യ പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വീണാ വിജയന്‍ പണം വാങ്ങിയെന്ന് മാത്രം. 2016 ഡിസംബര്‍ 20 മുതല്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്‍ പണം എത്തിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
നിയമസഭയില്‍ തന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമായിരുന്നു. അത് ഒഴിവാക്കാനായിരുന്നു സ്പീക്കറുടെ ഇടപെടലെന്നും മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രി സിഎംആര്‍എല്‍ കമ്പനിക്കായി അസാധാരണമായി ഇടപെട്ടു. സിഎംആര്‍എല്‍ കമ്പനിയുടെ വരുമാനവും നിക്ഷേപവും കരിമണല്‍ ആണെന്നിരിക്കെ, ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം എന്നീ മേഖലയിലെ ഏറ്റവും മികച്ച കരിമണലിന് വേണ്ടിയാണ് എല്ലാകാലത്തും അവര്‍ പരിശ്രമം നടത്തിയിട്ടുള്ളതെന്നും കുഴല്‍നാടന്‍ പറഞ്ഞു. കരിമണല്‍ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ അവര്‍ മുഖ്യമന്ത്രിയെ സമീപിക്കുകയും മുഖ്യമന്ത്രി ഇടപെട്ടെന്നും കുഴല്‍ നാടന്‍ ആരോപിച്ചു. ഇതിന് പ്രതിഫലമായാണ് വീണ വിജയന് സി.എം.ആര്‍.എല്‍ മാസപ്പടി നല്‍കിക്കൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.