കോഴിക്കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര സമരാഗ്നിയില്‍ സംഘടിപ്പിക്കുന്ന ജനകീയ ചര്‍ച്ച, ജനങ്ങളെ കേള്‍ക്കാനുള്ള അരങ്ങാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. ഇന്ന് കാലത്ത് കോംട്രസ്റ്റ് ഗ്രൗണ്ടിലൊരുക്കിയ ജനകീയ ചര്‍ച്ചയില്‍ പ്രാരംഭമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പണക്കാരുടെയും, വ്യവസായികളുടെയും വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന സംസ്ഥാന ഭരണകൂടത്തിന് കണ്ട് പഠിക്കാവുന്ന മാതൃകയാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ജനകീയ ചര്‍ച്ച. സാംസ്‌കാരിക മേഖലയില്‍ കോണ്‍ഗ്രസിന്റെ പിന്നോക്കം പോക്ക് എഴുത്തുകാരന്‍ എന്ന നിലയില്‍ വേദനിപ്പിക്കുന്നുണ്ട്. പുതിയ തലമുറക്ക് നാളേക്ക് ബാക്കിവെക്കാന്‍ എന്താണ് ഉള്ളതെന്ന് നേതൃത്വം ചിന്തിക്കണം. ഒരു കാലത്ത് നേതാക്കള്‍ എഴുത്തും വായനയും ജീവിതരീതിയാക്കിയവരായിരുന്നു. ജനങ്ങളിലേക്കിറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് പ്രതാപം തിരിച്ചു പിടിക്കാനാകും. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍, എ.പി.അനില്‍കുമാര്‍.എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീണ്‍കുമാര്‍, കെ.സി.അബു, പഴകുളം മധു, വിവിധ മേഖലകളിലെ ജനവിഭാഗങ്ങള്‍ പങ്കെടുത്തു.