ഖത്തറില്‍ വധ ശിക്ഷക്ക് വിധിച്ച എട്ട് ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ചു. വിട്ടയച്ച 8 പേരില്‍ ഏഴ് പേരും ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചാരവൃത്തി ആരോപിച്ച് നേരത്തെ വധശിക്ഷയായിരുന്നു എട്ടുപേര്‍ക്കും വിധിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ശിക്ഷയായി കുറയ്ക്കുകയായിരുന്നു. മോചിതരായവരില്‍ മലയാളിയായ തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാറും ഉണ്ട്. ഇവരെ വെറുതെ വിട്ട ഖത്തര്‍ അമീറിന്റെ നിലപാടില്‍ ഇന്ത്യ നന്ദി അറിയിച്ചു.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് മോചിതരായ മറ്റുള്ളവര്‍.
ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ സ്വകാര്യ കമ്പനിയായ’ദഹ്‌റ ഗ്ലോബല്‍ കമ്പനിയിലെ ജോലി ചെയ്യവെ 2022ലാണ് ഇവര്‍ അറസ്റ്റിലായത്.ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേര്‍ക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
‘സുരക്ഷിതരായി ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ട്. നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇടപെടലാണ് മോചനത്തിലേക്ക് വഴിവെച്ചത്,’ അദ്ദേഹത്തോട് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെത്തിയ ഒരു ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.
ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഖത്തര്‍ രഹസ്യനീക്കം നടത്തിയിരുന്നു. ഇറ്റലിയുമായി ചേര്‍ന്നാണ് ഖത്തര്‍ അന്തര്‍വാഹിനി നിര്‍മാണം നടത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ റഡാറില്‍ പെടാതെ മറഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലുകളുടെ വിശദാംശങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയയെന്നാണ് ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തര്‍ നാവികസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്.