നയ്റോബി (കെനിയ): മാരത്തണില്‍ ലോക റെക്കോഡ് നേടിയ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കപ്റ്റഗട്ടില്‍നിന്ന് എല്‍ഡോറെറ്റിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് സംഭവം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.കെല്‍വിന്‍ കിപ്റ്റം തന്നെയായിരുന്നു കാറോടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ കെല്‍വിന്റെ റുവാണ്‍ഡന്‍ കോച്ച് ജെര്‍വയ്സ് ഹകിസിമാനയും മരിച്ചതായി പോലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെനിയയുടെ തന്നെ എലിയൂഡ് കിപ്ചോഗെയുടെ പേരിലായിരുന്ന മാരത്തണ്‍ റെക്കോഡ് (രണ്ട് മണിക്കൂറും ഒരു മിനിറ്റും പത്ത് സെക്കന്‍ഡും) കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കെല്‍വിന്‍ കിപ്റ്റം മറികടന്നത്. രണ്ട് മണിക്കൂറും 35 സെക്കന്‍ഡും എടുത്താണ് കെല്‍വിന്റെ റെക്കോഡ് നേട്ടം. ചിക്കാഗോയില്‍വെച്ചായിരുന്നു നേട്ടം. അപ്പോള്‍ 23 വയസ്സുണ്ടായിരുന്ന താരം, തന്റെ മൂന്നാമത്തെ മാരത്തണ്‍ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 2024 പാരിസ് ഒളിമ്പിക്സിലെ കെനിയയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു കെല്‍വിന്‍ കിപ്റ്റം.
കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു;
മാരത്തണ്‍ ലോക റെക്കോഡ് താരം