മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം:വനം വകുപ്പിന്റെ അനാസ്ഥ

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം:വനം വകുപ്പിന്റെ അനാസ്ഥ

വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ സംഭവിച്ചെന്ന് നാട്ടുകാര്‍. ഒരാള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും വനം വകുപ്പ് ജാഗ്രതയോടെ ഇടപെട്ടില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും മണിക്കൂറുകള്‍ വൈകിയെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ടിജി ജോസ് പറഞ്ഞു.

2017 ന് ശേഷം ആദ്യമായാണ് ഒരു വ്യക്തി കൊല്ലപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതെന്നും ടിജി ജോസ് പറയുന്നു. കളക്ടറും ഡിഎഫ്ഒയും ഉടന്‍ സംഭവസ്ഥലത്ത് എത്തണമെന്നും ഇതിന് ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളു എന്നുമാണ് നാട്ടുകാരുടെ നിലപാട്. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ട് പോവുകയാണ് നാട്ടുകാര്‍.

മുട്ടങ്കര കാടങ്കോലി പ്രദേശങ്ങളില്‍ ഇന്നലെ രാത്രി തന്നെ കാട്ടാനയുടെ സാന്നിധ്യമുണ്ടയിട്ടുണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടുകൂടി ആനയുടെ സഞ്ചാരം സംബന്ധിച്ച് വനം വകുപ്പിന്റെ യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പുകളും ലഭിച്ചിട്ടില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ഥിരമായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ടെങ്കിലും ഏഴു വര്‍ഷം മുമ്പാണ് ഇതുപോലെ ഒരു വ്യക്തി മരിക്കുന്നത്, ആനയെ നിയന്ത്രിക്കാന്‍ ഫെന്‍സിങ് ചെയ്തു നല്‍കാമെന്ന് വനം വകുപ്പ് ഉറപ്പു നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായി ഫെന്‍സിംഗിന്റെ പണി പൂര്‍ത്തിയായിട്ടില്ല.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് അനൗണ്‍സ്മെന്റ് നടത്താന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടപ്പോള്‍ അത് തഹസില്‍ദാര്‍ ചെയ്യുമെന്ന മറുപടിയാണ് ലഭിച്ചതെന്നും ടിജി ജോസ് പറഞ്ഞു.

അതേസമയം, ജനവാസമേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാല്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്‍മൂല, കുറുവ , കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ നിലവിലുള്ളത്. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ വാക്കാലുള്ള നിര്‍ദേശമാണ് നിലവില്‍ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു.

വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. വയനാട് മേഖലയില്‍ ഉണ്ടായത് വളരെ ഉത്കണ്ഠയ്ക്കും വേദനയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയ സംഭവവികാസങ്ങളാണ്. ഈ കാട്ടാനയെ എന്ത് ചെയ്യാനാവും എന്നതാണ് ഈ ഘട്ടത്തില്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ഉടന്‍ ഉണ്ടാകും.

വയനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന ഗുരുതര അവസ്ഥയെപ്പറ്റി മുഖ്യമന്ത്രിയുമായി രാവിലെ ചര്‍ച്ച ചെയ്തു. അവിടെ സ്വീകരിക്കേണ്ട നടപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടും എന്നാണ് അറിയിച്ചിട്ടുള്ളത്. ജില്ലാ കലക്ടറോടും പോലീസ് മേധാവിയോടും സംഭവസ്ഥലത്ത് ചെല്ലാനും അവിടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാത്തരത്തിലും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. ആന പിന്തുടര്‍ന്നതോടെ സമീപത്തെ പുരയിടത്തിലേക്ക് മതില്‍ ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

 

 

 

 

 

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍
കൊല്ലപ്പെട്ട സംഭവം:വനം വകുപ്പിന്റെ അനാസ്ഥ

Share

Leave a Reply

Your email address will not be published. Required fields are marked *