മഞ്ഞയും, ചുവപ്പും മാത്രമല്ല ഇനി നീലക്കാര്‍ഡും; ഫുട്‌ബോളില്‍ ഈ കാര്‍ഡ് ലഭിക്കുന്ന കളിക്കാരന് സംഭവിക്കുന്നത് ഇതാണ്…

മഞ്ഞയും, ചുവപ്പും മാത്രമല്ല ഇനി നീലക്കാര്‍ഡും; ഫുട്‌ബോളില്‍ ഈ കാര്‍ഡ് ലഭിക്കുന്ന കളിക്കാരന് സംഭവിക്കുന്നത് ഇതാണ്…

ഫുട്‌ബോളില്‍ മഞ്ഞക്കാര്‍ഡുകളും ചുവപ്പ് കാര്‍ഡുകളും നമുക്ക് സുപരിചിതമാണ്. അച്ചടക്ക ലംഘനങ്ങള്‍ നടത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമെതിരെയാണ് റഫറിമാര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.ഇനി മറ്റൊരു കാര്‍ഡ് കൂടി കളിക്കളത്തില്‍ വരാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

ദി ടെലഗ്രാഫ് പുറത്ത് വിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നീല കാര്‍ഡുകളാണ് ഫുട്‌ബോളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്, പരീക്ഷണാടിസ്ഥാനത്തില്‍ നീലകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണെന്നും ഇക്കാര്യത്തില്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പരീക്ഷണങ്ങള്‍ക്ക് ശേഷം ഈ നിയമം പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഫുട്‌ബോള്‍ നിയമങ്ങളില്‍ സംഭവിക്കുന്ന വിപ്ലവ മാറ്റമാകും അത്. നേരത്തെ 1970 ലെ ലോകകപ്പിനിടെ മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും കൊണ്ടുവന്നതായിരുന്നു ഇതിന് മുന്‍പ് നടന്ന വലിയ മാറ്റം.

ആര്‍ക്കാണ് നീല കാര്‍ഡ് നല്‍കുക?

മത്സരത്തിനിടെ തീര്‍ത്തും അനാവശ്യമായ ഫൗളുകള്‍ ചെയ്യുകയും, റഫറി, ലൈന്‍സ്മാന്‍, ഫോര്‍ത്ത് ഒഫീഷ്യല്‍ എന്നിവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാര്‍ക്കായിരിക്കും നീല കാര്‍ഡ് ലഭിക്കുക. ഗോളിലേക്കുള്ള മുന്നേറ്റം തടയാന്‍ നടത്തുന്ന അനാവശ്യ ഫൗളുകള്‍ക്കാകും പ്രധാനമായും നീല കാര്‍ഡ് ലഭിക്കുകയെന്നാണ് സൂചനകള്‍. നീലകാര്‍ഡ് ലഭിക്കുന്ന കളിക്കാര്‍ 10 മിനിറ്റ് കളിക്കളത്തില്‍ നിന്ന് പുറത്തിരിക്കണം . 10 മിനിറ്റ് പുറത്തിരുന്നതിന് ശേഷം തിരിച്ചെത്തുന്ന കളിക്കാരന്‍ അതേ മത്സരത്തില്‍ പിന്നീട് ഒരു നീലക്കാര്‍ഡ് കൂടി വാങ്ങിയാല്‍ ചുവപ്പ് കാര്‍ഡ് ലഭിക്കുകയും മൈതാനം വിട്ട് പുറത്തേക്ക് പോകേണ്ടി വരികയും ചെയ്യും.

നീലകാര്‍ഡ് എന്ന് മുതല്‍?

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാകും നീല കാര്‍ഡ് ഉപയോഗിക്കുക. വരാനിരിക്കുന്ന സമ്മര്‍ മുതല്‍ ഈ പരീക്ഷണം തുടങ്ങാന്‍ ഇഫാബിന് പദ്ധതിയുണ്ടെന്നാണ് സൂചനകള്‍. പ്രധാന ലീഗുകളിലൊന്നും നീല കാര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കില്ലെന്നാണ് സൂചന. എന്നാല്‍ എഫ് എ കപ്പില്‍ നീലകാര്‍ഡ് പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. പരീക്ഷണം വിജയകരമാണെങ്കില്‍ ഭാവിയില്‍ പ്രധാന ലീഗുകളിലും നീല കാര്‍ഡ് നടപ്പിലാക്കും.

മഞ്ഞയും, ചുവപ്പും മാത്രമല്ല ഇനി നീലക്കാര്‍ഡും; ഫുട്‌ബോളില്‍ ഈ കാര്‍ഡ് ലഭിക്കുന്ന കളിക്കാരന് സംഭവിക്കുന്നത് ഇതാണ്…

Share

Leave a Reply

Your email address will not be published. Required fields are marked *