നല്ല ഭക്ഷണം കഴിച്ച് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാം
ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് ഹൃദ്രോഗം. ഹൃദ്രോഗവും ഒരു ജീവിത ശൈലീ രോഗമാണ്.ഭക്ഷണരീതികളിലെ അശ്രദ്ധയും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം ജീവിതശൈലി രോഗങ്ങളിലേയ്ക്ക് നയിക്കുന്നു.ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗം മൂലമായിരിക്കും. ഹൃദ്രോഹത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമാണ് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത്. പ്രത്യേകിച്ചും സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ എന്ന് അറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് കൂടുതല്‍ അപകടകാരി. കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, റെഡ് മീറ്റ്, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
ചീത്ത കൊളസ്‌ട്രോള്‍ അളവ് കൂടുന്നത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും.ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ചില ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനും വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് വിഘടിപ്പിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുന്നതിനും ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നാലു തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫൈബറിനാല്‍ സമ്പന്നമായ ഭക്ഷണമാണ് ഓട്സ്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇതിലുണ്ട്. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയ ഇത് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും ഗുണം ചെയ്യും.
അവക്കാഡോയും ഡയറ്റില്‍ പതിവാക്കാം. ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം വീതം കഴിക്കുന്നത് ഗുണം ചെയ്യും.
നട്സുകള്‍ കഴിക്കുന്നതും പതിവാക്കാം.വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകാരപ്രദമാണ്.
ആപ്പിള്‍, സ്ട്രോബെറി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം.തൈര്, പാല്‍, വെണ്ണ, നെയ്യ് തുടങ്ങിയ ഡയറി ഉല്‍പന്നങ്ങളില്‍ ആവശ്യത്തിന് കാല്‍സ്യം അടങ്ങിയിട്ടുണ്ട്. സാല്‍മണ്‍,മത്തി പോലെയുള്ള ഒമേഗത്രീ ഫാറ്റി ആസിഡ് അടങ്ങിയ മല്‍സ്യങ്ങളിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
സൂക്ഷിക്കാം ഹൃദയത്തെ