തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായി. 15 സീറ്റില്‍ സിപിഎം മത്സരിക്കും. 4 സീറ്റില്‍ സിപിഐ. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് (എം) നല്‍കും. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 19 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിനു വിജയിക്കാനായത്. ഇത്തവണ 19 സീറ്റുകളും നിലനിര്‍ത്തി കൂടുതല്‍ മികച്ച വിജയത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നു.
തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഈ സീറ്റുകള്‍ മാറാന്‍ സാധ്യതയില്ല. ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ നടത്താന്‍ സിപിഐയുടെ നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. സിപിഎം നേതൃയോഗങ്ങള്‍ നാളെ മുതല്‍ തിങ്കള്‍ വരെയാണ്. പരമാവധി വേഗത്തില്‍ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
സിപിഎം കേരള കോണ്‍ഗ്രസിന് (എം) വിട്ടു കൊടുക്കുന്ന കോട്ടയം സീറ്റില്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെതിരെ ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവനായിരുന്നു മത്സരിച്ചത്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കെത്തിയ സാഹചര്യത്തിലാണ് സീറ്റ് കൈമാറുന്നത്. സിപിഐയ്ക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചു.