ഇന്‍സാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ.പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയെ സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്ന ഉപഗ്രഹമായ ഇന്‍സാറ്റ് -3ഡിഎസ് വിക്ഷേപണം ചെയ്യുമെന്ന് ഐഎസ്ആര്‍ഒ. 17ന് വൈകിട്ട് 5.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ജി എസ് എല്‍ വിയുടെ പതിനാറാമത്തെ ദൗത്യമാണിത്.
ഇന്‍സാറ്റ് -3ഡിഎസിനെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാ(ജിടിഒ)ണ് റോക്കറ്റ് എത്തിക്കുക. അവിടെനിന്ന് ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ഓര്‍ബിറ്റിലേക്ക് എത്തിക്കുമെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാണ് ദൗത്യത്തിന്റെ പൂര്‍ണ ചെലവ് വഹിക്കുന്നത്.
ഇന്ത്യയുടെ കാലാവസ്ഥ പ്രവചന ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇന്‍സാറ്റ്-3ഡിഎസ്. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകള്‍ക്കുള്ള സൗണ്ടറും ഉള്‍പ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മികവാര്‍ന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹത്തെ പ്രാപ്തമാക്കുന്ന ഘടകങ്ങളാണിവ.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് (എന്‍ സി എം ആര്‍ ഡബ്ല്യു എഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ ഐ ഒ ടി) , ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഐ എന്‍ സി ഒ ഐ എസ്) ഉള്‍പ്പെടെ വിവിധ ഏജന്‍സികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതല്‍ ആശ്രയിക്കുക.
ഇന്‍സാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ
കാലാവസ്ഥാ പ്രവചനം ഇനി മികവുറ്റതാകും