ഇന്ന് കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമിയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം എഡിഷനില്‍ പങ്കെടുക്കാന്‍ ടി.പത്‌നാഭനും എത്തുന്നു. ഇതുവരെ നടന്ന എല്ലാ എഡിഷനിലും ടി പത്മനാഭന്റെ സാന്നിധ്യമുണ്ടായിരുന്നു.എനിക്ക് 95 വയസ്സായി. ഇനി എത്ര എഡിഷനില്‍ പങ്കെടുക്കാന്‍ കഴിയും, അറിയില്ല. ഇന്ന് ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരില്‍ ഏറ്റവും ദീര്‍ഘമായ വൈകാരികബന്ധം മാതൃഭൂമിയുമായുള്ളത് എനിക്കാകും- 75 കൊല്ലക്കാലം! 1950-ല്‍ തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുന്നു എന്നു ടി .പത്മനാഭന്‍ പറഞ്ഞു.
അഞ്ചാം എഡിഷനിലെ മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രധാന തീം ‘ബഹുസ്വര സഞ്ചാര’ങ്ങളാണ്. സമകാലീന പ്രശ്നങ്ങളോട് സജീവമായി സംവദിക്കുന്ന ഒരു ഇന്ത്യക്കാരന്‍ എന്നനിലയില്‍ ഒരൊറ്റ വീക്ഷണകോണില്‍ക്കൂടി മാത്രമേ എനിക്ക് ഈ വിഷയത്തെ സമീപിക്കാന്‍ കഴിയൂ. ഒരു രാഷ്ട്രം, ഒരു നിയമം, ഒരു സംസ്‌കാരം, ഒരുഭാഷ എന്ന അത്യന്തം ഭീതിദമായ നിലപാടുകളാണ് നമ്മുടെ ഭരണാധികാരികള്‍ക്ക്. ഭരണഘടന അനുശാസിക്കുന്ന മഹത്തായ കല്പനകള്‍ക്കുപോലും ഒരു വിലയും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ പോലും നല്‍കുന്നില്ല. അവ പരസ്യമായി ലംഘിക്കപ്പെടുന്നു എന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.