സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധ സമരത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധ സമരത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ, കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സമരത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. കേരള ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജന്തര്‍ മന്തറിലെ സമരവേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും അണിനിരന്നു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജാനാണ് പ്രതിഷേധത്തിനെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മന്‍ എന്നിവരും സമരവേദിയിലെത്തി.ചരിത്ര ദിനമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. ‘ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്, അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യക്ഷമാണ്. ഇതിനെതിരായുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനും ഫെഡറലിസം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം സന്തുലിതമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പരിധികളില്‍ കേന്ദ്രം കൈ കടത്തുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ‘സംസ്ഥാന പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം ഓരോ വര്‍ഷവും കുറഞ്ഞു വരുന്നു. കൂടുതല്‍ പണം ചിലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം വഹിക്കേണ്ടി വരുന്നു. 65 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കേണ്ടി വരുന്നത്. കേന്ദ്രത്തിന്റെ സംഭാവന 35 ശതമാനം മാത്രമാണ്. നികുതി വരുമാനത്തിന്റെ കാര്യം വരുമ്പോള്‍ ഇത് നേര്‍വിപരീതമാകുന്നു,’ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റില്‍ സംസ്ഥാനങ്ങളെ കൂടുതല്‍ ഞെരുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുടെ 88 ശതമാനം തുകയും വഹിക്കുന്നത് സംസ്ഥാനമാണ്, കേന്ദ്ര വിഹിതം 12 ശതമാനം മാത്രമാണ്. എന്നിട്ടും ലൈഫ് മിഷന്‍ കേന്ദ്രത്തിന്റേതാക്കാന്‍ ശ്രമിക്കുന്നു. ഇല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കില്ലെന്ന നിലപാടാണ് കേന്ദ്ര സ്വീകരിക്കുന്നത്,’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘മൂന്ന് തരത്തിലുള്ള കുറവുകളാണ് പ്രധാനമായും സംഭവിക്കുന്നത്. രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ നിന്ന് സംസ്ഥാനത്തിനുള്ള വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തില്‍ കേരളം വരിച്ച നേട്ടത്തിന്റെ പേരില്‍ വിഹിതം കുറയ്ക്കുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണിത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.രണ്ടാമത്തേത്, കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് വിവിധ ഇനങ്ങളില്‍ ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്.മൂന്നാമത്തേത്, ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് വായ്പ എടുക്കല്‍ പരിമിതപ്പെടുത്തുന്നതു കൊണ്ടുണ്ടാകുന്ന കുറവാണ്.

ഒട്ടുമിക്ക മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നതു കൊണ്ടാണ് കേരളത്തിനെതിരെ ഇത്തരമൊരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.യൂണിയന്‍ സര്‍ക്കാരിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള സമ്പദ്ഘടനയ്ക്കും സമൂഹത്തിനും മേല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിന്റെ ഇപ്പോഴത്തെ ജി എസ് ഡി പി ഏതാണ്ട് 11 ലക്ഷം കോടി രൂപയാണ്. വായ്പ പരിമിതപ്പെടുത്തിയതു കൊണ്ടുമാത്രം ഇതിന്റെ ഏകദേശം 10 ശതമാനമാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന വെട്ടിക്കുറവുകള്‍ നമ്മുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

സാമൂഹിക – സാമ്പത്തിക മേഖലകളിലെ നേട്ടങ്ങളുടെയും രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെയും പേരില്‍ ഇന്ന് കേരളത്തെ ശിക്ഷിക്കുകയാണ്. ഇതേ അനുഭവം എന്‍ ഡി ഐ ഇതര സംസ്ഥാന സര്‍ക്കാരുകളെല്ലാം നേരിടുകയാണ്. ഇതിനെ അതിജീവിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ. നമ്മളുടെ ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ അവയ്ക്കെതിരെ കൂടുതല്‍ യോജിപ്പോടെ നമ്മള്‍ പ്രവര്‍ത്തിക്കണം. അങ്ങനെ ഫെഡറലിസത്തെയും സഹകരണാത്മക ഫെഡറലിസത്തെയും ശക്തിപ്പെടുത്തണം.

കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധമായ നടപടികളുടെ തുടര്‍ പരമ്പര ഉണ്ടായത് ഏത് ഘട്ടത്തിലാണെന്നതു കൂടി ഓര്‍ക്കണം. അഭൂതപൂര്‍വ്വമായ ഒരു പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികള്‍ എന്നിവയൊക്കെ കൊണ്ട് കേരളം വല്ലാതെ ദുരന്തത്തിലായ ഒരു ഘട്ടം. വല്ല വിധേനയും അതില്‍ നിന്നു കരകയറി ഒന്നു പച്ചപിടിക്കാന്‍ കേരളം തീവ്രശ്രമം നടത്തുമ്പോള്‍ പ്രത്യേക സഹായത്തിലൂടെ പിന്തുണയ്ക്കുകയായിരുന്നു സാധാരണ നിലയില്‍ കേന്ദ്രം ചെയ്യേണ്ടത്. എന്നാലതേ ഘട്ടത്തില്‍ തന്നെയാണ് ഈ ദ്രോഹ നടപടികളുടെ തുടര്‍ച്ച സംസ്ഥാനത്തിനെതിരെ ഉണ്ടായത്. എത്ര ക്രൂരമാണിത്. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നത് മനുഷ്യത്വമില്ലായ്മ അല്ലാതെ മറ്റൊന്നുമല്ല.

പ്രതിസന്ധികളുടെ ഘട്ടത്തിലും രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങള്‍ കേരളം സ്വന്തമാക്കി. കൂടുതല്‍ മികവിലേക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താന്‍ നിര്‍ബന്ധിതമായത്. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ അടക്കം ധരിപ്പിച്ചു. പ്രധാനമന്ത്രിയെ അടക്കം രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെയാണ് സമര രംഗത്തേക്കു വന്നത്.

 

 

 

 

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധ സമരത്തിന്
ഇന്ന് ഡല്‍ഹിയില്‍ തുടക്കം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *