മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ന്റെ കമ്പനി എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്എഫ്ഐഒ) അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി കോടതി 12 ലേക്ക് മാറ്റി.
വിഷയത്തില്‍ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. ഒന്നും ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം.
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയില്‍ എസ്എഫ്ഐഒ സംഘം റെയ്ഡ് തുടരുകയാണ്. സിഎംആര്‍എല്ലുമായുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്ക് മാസപ്പടി നല്‍കിയെന്ന് ആരോപണമുയര്‍ന്ന സിഎംആര്‍എല്‍ കമ്പനിയില്‍ കെ എസ് ഐ ഡിസിയ്ക്ക് 14 ശതമാനം ഓഹരിയുണ്ട്. ഇതാണ് അന്വേഷണം കെ എസ് ഐ ഡിസിയിലേക്ക് നീളാന്‍ കാരണം.
കഴിഞ്ഞ ദിവസം ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് എസ്എഫ്‌ഐഒ അന്വേഷണം നടത്തിയിരുന്നു. എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. നേരത്തെ അറിയിക്കാതെ അന്വേഷണസംഘം കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സിന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയെന്ന പരാതിയില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ് എഫ് ഐ ഒയിലെ ആറ് ഓഫീസര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. സി എം ആര്‍ എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി.