കോഴിക്കോട്: റോമിലും, കാന്റംബറിയിലും നടന്ന ലോക കത്തോലിക്ക-ആഗ്ലിക്കന്‍ ഐക്യ സംവാദം ലോകത്തിന് നല്‍കിയത് ഐക്യത്തിന്റെ സന്ദേശമാണെന്ന് സിഎസ്‌ഐ മലബാര്‍ മഹാഇടവക ബിഷപ് ഡോ.റൈറ്റ് റവ.റോയ്‌സ് മനോജ് വിക്ടര്‍ പറഞ്ഞു. ഐക്യ സംവാദത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബിഷപ്പിന് കോഴിക്കോട് സൗഹൃദ കൂട്ടായ്മ നല്‍കിയ പൗരസ്വീകരണത്തില്‍ സംവാദ ചര്‍ച്ചാനുഭവം പങ്ക്‌വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വേര്‍തിരിവുകളും മാറ്റിവെച്ച് മനവരാശിയെ ഒന്നിപ്പിക്കാനുള്ള പുതിയ ദര്‍ശനമാണ് സംവാദത്തില്‍ ഉരുത്തിരിഞ്ഞത്. ആ സന്ദേശം തന്നെയാണ് തനിക്കും പങ്കുവയ്ക്കുവാനുള്ളതെന്നദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്ത് കാണുന്നത് സമൂഹങ്ങള്‍ ചെറുതും വലുതുമായ കാരണങ്ങള്‍കൊണ്ട് പരസ്പരം അകലുകയാണ്. വളരെ വേഗത്തിലാണ് അകല്‍ച്ച കൂടുന്നത്.
16-ാം നൂറ്റാണ്ടിലാണ് സഭകള്‍ തമ്മില്‍ വേര്‍തിരിവുണ്ടാകുന്നത്. ദൈവ ശാസ്ത്രത്തിലും പാരമ്പര്യത്തിലും ആചാരത്തിലും വ്യത്യസ്തതകളുണ്ടെങ്കിലും അതിലെല്ലാം ഉപരിയായി ഒരുമിച്ച് ചേരാനുള്ളത് അവസരമാണ് ഐക്യസംവാദം ലോകത്തിന് മുന്നില്‍ തുറന്നത്. വിശ്വാസം, ബാക്ക്ഗ്രൗണ്ട് എന്നിവയെല്ലാം വ്യത്യസ്തമായിരിക്കും. അത് തീര്‍ത്ത് ഒഴിവാക്കാനാവില്ല. എന്നാല്‍ അതെല്ലാം മറന്ന് ഐക്യപ്പെട്ടാല്‍ മാനവരാശിക്ക് നന്മയുണ്ടാവുമെന്നാണ് സംവാദം കാലത്തോട് വിളിച്ചു പറയുന്നത്.
പരസ്പരം മനസ്സിലാക്കാനും കൂടുതല്‍ അടുക്കാനും നമുക്ക് സാധിക്കണം. പരിസ്ഥിതി പ്രശ്‌നങ്ങള്‍, സഭകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, അത് രാഷ്ട്രീയമാവാം, സാമ്പത്തികമാവാം അതെല്ലാം സംവാദം ചര്‍ച്ച ചെയ്തു. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന മാനവരാശി ഒന്നിച്ച് നില്‍ക്കണമെന്ന ചിന്തയാണ് സംവാദം ഉയര്‍ത്തിപ്പിടിക്കുന്നത്. 22 മുതല്‍ 25വരെ റോമില്‍ നടന്ന പരിപാടിയില്‍ മാര്‍പാപ്പയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സന്തോഷകരമായ നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് ആ ദിവസങ്ങള്‍ കടന്നുപോയത്.
ഐക്യ സംവാദത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പായി സൗഹൃദക്കൂട്ടായ്മ നല്‍കിയ യാത്രയയപ്പ് യോഗത്തെ അദ്ദേഹം അനുസ്മരിച്ചു. സംവാദം കഴിഞ്ഞെത്തിയതിന് ശേഷം നല്‍കിയ സ്വീകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. സൗഹൃദ കൂട്ടായ്മ നല്‍കിയ സ്വീകരണം ഇത്രയും ഗംഭീരമാകുമെന്ന് കരുതിയില്ല. ഈ കൂട്ടായ്മ കോഴിക്കോടിനഭിമാനമാണ്. ഇതില്‍ ഭാഗഭാക്കാകാനായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഭാവിയിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടാവുമെന്നദ്ദേഹം ഉറപ്പു നല്‍കി.സൗഹൃദകൂട്ടായ്മ ചെയര്‍മാന്‍ കെ.വി.സുബ്രഹ്‌മണ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ലോക കത്തോലിക്ക-ആഗ്ലിക്കന്‍ ഐക്യ സംവാദം
ഐക്യ സന്ദേശത്തിന്റെ മാറ്റൊലി;
ബിഷപ് ഡോ.റൈറ്റ് റവ. റോയ്‌സ് മനോജ് വിക്ടര്‍