കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സാമ്പത്തിക അവഗണനയിലും ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കുന്ന നയത്തിനുമെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ പ്രതിഷേധത്തിന് തമിഴ്നാടിന്റെ പിന്തുണ. എട്ടിന് നടത്തുന്ന സമരത്തില്‍ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്തിന് മറുപടിയായി മലയാളത്തിലുള്ള കത്ത് സ്റ്റാലിന് എക്സില്‍ ട്വീറ്റ് ചെയ്തു. മന്ത്രി പി രാജീവായിരുന്നു സ്റ്റാലിന് കത്ത് കൈമാറിയത്. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്വയംഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ കേരളത്തിന്റെ ഹര്‍ജിക്ക് തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും സ്റ്റാലിന് പറഞ്ഞു.
കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഡിഎംകെ പങ്കെടുക്കുമെന്നും പാര്‍ലമെന്റ് പരിസരത്ത് കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിക്കുമെന്നും സ്റ്റാലിന് ട്വീറ്റില്‍ അറിയിച്ചു. തമിഴ്നാടും പിണറായി വിജയനും മമത ബാനര്‍ജിയുമടക്കം ഭരണഘടനയില്‍ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കളെല്ലാവരും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിനായി ഒരുമിച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ വിജയിക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ഫാസിസ്റ്റ് ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള് ഉറപ്പായും ഉയര്‍ത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും സ്റ്റാലിന് പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ കേരളത്തിനുപുറമെ കര്‍ണാടകയും തെലങ്കാനയും ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ മന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും എംഎല്‍സിമാരും സമരത്തില്‍ പങ്കെടുക്കും.