ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആഗ്രഹം ജനം സാക്ഷാത്കരിക്കുമെന്നും പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മോദിയുടെ പരിഹാസം.
. കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.
പ്രതിപക്ഷത്ത് ദീര്‍ഘകാലം തുടരാനുള്ള തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകള്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്ന അതേ രീതിയില്‍ നിങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍, നിങ്ങളുടെ ആഗ്രഹം ജനങ്ങള്‍ സാക്ഷാത്കരിക്കും- മോദി പറഞ്ഞു.
പത്ത് വര്‍ഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. മൂന്നാം തവണ അധികാരത്തിലേറുന്നതോടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.