കാന്‍സര്‍ ചികിത്സ സാമൂഹിക ഉത്തരവാദിത്തം

കാന്‍സര്‍ ചികിത്സ സാമൂഹിക ഉത്തരവാദിത്തം

കാന്‍സര്‍ ചികിത്സാ രംഗത്ത് വൈദ്യ ശാസ്ത്രം വലിയ മുന്നേറ്റമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കാന്‍സറുകള്‍ പല തരത്തിലുണ്ടെങ്കിലും ചികിതസയിലൂടെ ഭേദമാക്കാവുന്നവയാണ് ഭൂരിപക്ഷവും. 80% ശതമാനം രോഗികളെയും ചികിത്സിച്ച് രോഗം ഭേദമാക്കുകയും തുടര്‍ന്ന് ആരോഗ്യത്തോടെ വര്‍ഷങ്ങളോളം സുഖമായി ജീവിക്കാനുള്ള നിലയിലേക്ക് വൈദ്യശാസ്ത്രം വളര്‍ന്നിട്ടുണ്ട്. രോഗം വരുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. രോഗം ആര്‍ക്കും ഏത് നിമിഷവും വരാവുന്ന ഒന്നാണ്. രോഗം വരാതെ ആരോഗ്യത്തോടെ ജീവിക്കാനാവുക എന്നത് തന്നെയാണ് ഏറ്റവും സന്തോഷകരം. കാന്‍സര്‍ എല്ലാ ശരീരങ്ങളിലും ഉണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്തുകൊണ്ട് കാന്‍സര്‍ ഉണ്ടാകുന്നു എന്നതിന് വ്യക്തമായ മറുപടി പറയാന്‍ വൈദ്യശാസ്ത്രത്തിനായിട്ടില്ല. എന്നിരുന്നാലും ശരീരത്തില്‍ വളര്‍ന്നുവരുന്ന കാന്‍സര്‍ കോശങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി നശിപ്പിക്കാനായാല്‍ രോഗം പൂര്‍ണ്ണമായി ഭേദമാക്കാനാവും എന്നത് യാഥാര്‍ത്ഥ്യമാണ്.

കാന്‍സറുകള്‍ പണ്ട് കാലം മുതലേയുള്ള രോഗങ്ങളിലൊന്നാണ്. അക്കാലങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം വളരാത്തതിനാല്‍ പരിശോധനകളിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നില്ല. കാന്‍സര്‍ ചികിത്സയുടെ കാഠിന്യം കുറയ്ക്കാനുള്ള ഗവേഷണങ്ങളും ധ്രുതഗതിയില്‍ നടന്നു വരികയാണ്. സര്‍ജറി, റേഡിയേഷന്‍, കീമോ തെറാപ്പി എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് കാന്‍സര്‍ ചികിത്സ നടത്തുന്നത്. കിമോ തെറാപ്പി ചെയ്യുമ്പോള്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കാനുള്ള രീതികള്‍ മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രി കണ്ടുപിടിച്ചതും ശുഭോദര്‍ക്കമാണ്.
കീമോ ചെയ്യുമ്പോള്‍ രോഗികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദി ഇല്ലാതാക്കാന്‍ മരുന്നിന്റെ ചേരുവയില്‍ മാറ്റം വരുത്തിയാണ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ചികിത്സാ ചെലവ് കുറയ്ക്കാനും പാര്‍ശ്വഫലം കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍ ഇത് വലിയൊരു നേട്ടം തന്നെയാണ്.

ലോകത്ത് എറ്റവുമധികം ഗവേഷണം നടക്കുന്ന മേഖലയെന്ന നിലയ്ക്ക് വരും കാലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നതില്‍ സംശയമില്ല. മുന്‍ കാലങ്ങളില്‍ കാന്‍സര്‍ വന്നാല്‍ മരണമാണെന്ന സങ്കല്‍പം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. മെഡിക്കല്‍ രംഗത്ത് 81 ദിവസം കൂടുമ്പോഴാണ് അപ്‌ഡേഷന്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്ത് എവിടെ കണ്ടെത്തുന്ന നൂതന ആശയങ്ങളും രോഗികള്‍ക്ക് ചികിത്സയായി ലഭ്യമാകുന്ന സാഹചര്യം ഇന്നുണ്ട്. കാന്‍സര്‍ ചികിത്സ പൊതുവെ വളരെ ചിലവേറിയതാണ്. മരുന്നുകളുടെ വില തന്നെയാണ് ഇതില്‍ മുഖ്യം. മരുന്നുകളുടെ പ്രൊഡക്ഷന്‍ രംഗത്ത് രാജ്യം ഇനിയും മുന്നേറാനുണ്ട്. അതുപോലെ കാന്‍സര്‍ ഗവേഷണവും രാജ്യത്ത് ശക്തിപ്പെടുത്തേണ്ടതുണ്ട്.

2050തോടെ ലോകത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2012ല്‍ ലോകത്താകമാനം 1.41 കോടി പുതിയ കേസുകളും, 82 ലക്ഷം മരണവുമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022ല്‍ രണ്ടുകോടി പുതിയ കേസുകളും 97 ലക്ഷം മരണവുമായി വര്‍ദ്ധിക്കുകയായിരുന്നു. 2050തോടെ 3.5 കോടി അര്‍ബുദ ബാധിതര്‍ ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുകവലി, മദ്യപാനം, അമിത ഭാരം, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയവയാണ് കാന്‍സര്‍ വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2022ല്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സറുകളില്‍ പത്ത് തരം പുതിയ കാന്‍സറുകളായിരുന്നു. ശ്വാസ കോശ കാന്‍സറാണ് 2022ല്‍ ഏറ്റവുമധികം കണ്ടെത്തിയത്. പൊതുജനാരോഗ്യ രംഗത്ത് സര്‍ക്കാരുകള്‍ കൂടുതല്‍ മൂലധനമിറക്കണമെന്നാണ് ഇത്തരം രോഗങ്ങള്‍ വിളിച്ചു പറയുന്നത്. സാധാരണക്കാരും, പാവപ്പെട്ടവരും ബഹുഭൂരിപക്ഷം ജീവിക്കുന്ന നമ്മുടെ രാജ്യത്ത് കാന്‍സര്‍ പോലുള്ള രോഗം ഒരു സാധാരണക്കാരന് പിടിപെട്ടല്‍ ആ കുടുംബം തന്നെ പ്രതിസന്ധിയിലാവുകയാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് ഒരു നിലയ്ക്കും താങ്ങാനാവില്ല. ആരോഗ്യ രംഗത്ത് വളര്‍ന്നു വരുന്ന അനഭിലഷണീയമായ ചില പ്രവണതകള്‍ കൂടി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെല്ലാം എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് വരുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും, സന്നദ്ധ-സാമൂഹിക സംഘടനകളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിന് പകരം രോഗം വരാതിരിക്കാനുള്ള പ്രതിരോധ ചികിത്സയടക്കം വികസിപ്പിക്കാന്‍ വലിയ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. ജീവിത ശൈലികളില്‍ വരുന്ന മാറ്റം, ഭക്ഷണക്രമത്തിലെ രീതികള്‍ എന്നിവയെല്ലാം ക്രമപ്പെടുത്തി ജീവിതം നയിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാവേണ്ടതും അത്യാവശ്യമാണ്.

കാന്‍സര്‍ രോഗം വന്നവര്‍ ഒറ്റപ്പെടുന്ന കാലമെല്ലാം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ പൊതുജനാരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരുകള്‍ കൂടുതല്‍ ഇടപെടേണ്ടതുണ്ട്. കാന്‍സര്‍ ചികിത്സയില്‍ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയൂര്‍വേദ-ഹോമിയോ, മറ്റ് ചികിത്സാ ശാഖകളുടെ കൂട്ടായ്മയും വളര്‍ത്തിയെടുക്കേണ്ടതാണ്.

 

 

കാന്‍സര്‍ ചികിത്സ സാമൂഹിക ഉത്തരവാദിത്തം

Share

Leave a Reply

Your email address will not be published. Required fields are marked *