ഗ്യാന്‍വാപിയുടെ നിലവറയില്‍ പൂജ തുടങ്ങി; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

ഗ്യാന്‍വാപിയുടെ നിലവറയില്‍ പൂജ തുടങ്ങി; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

കോടതി ഉത്തരവ് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ നിലവറയില്‍ ഹിന്ദുക്കള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. 30 വര്‍ഷത്തിലേറെ കാലമായി ിവിടെ പൂജ നടത്തിയിരുന്നില്ല. എന്നാല്‍ പൂജ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയ ശേഷം അര്‍ധ രാത്രിയോടെ പൂജ നടത്തുകയായിരുന്നു.
ഇന്നലെ രാത്രിയോടെ തന്നെ ഹിന്ദു വിശ്വാസികള്‍ പള്ളിക്ക് സമീപം എത്തിയിരുന്നു. രാഷ്ട്രീയ ഹിന്ദു ദളിന്റെ പ്രവര്‍ത്തകര്‍ പള്ളിക്കുസമീപം ‘മന്ദിര്‍’ എന്ന് എഴുതി ഒട്ടിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വന്‍ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

മസ്ജിദിന്റെ ബേസ്‌മെന്റില്‍ നാല് നിലവറകളാണുള്ളത്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന പുരോഹിത കുടുംബത്തിന്റെ കൈവശമായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിനുപിന്നാലെ അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഗ്യാന്‍വാപിയുടെ നിലവറകള്‍ സീല്‍ ചെയ്യുകയായിരുന്നു. ഇതിനുമുന്‍പ് പുരോഹിത കുടുംബത്തിലെ സോംനാഥ് വ്യാസ് അവിടെ പ്രാര്‍ത്ഥന നടത്തിയിരുന്നു. അവിടെ പ്രാര്‍ത്ഥന നടത്തുന്നതിന് അനുവാദം തേടി സോംനാഥിന്റെ കുടുംബത്തിലെ ശൈലേന്ദ്ര പഥക്കാണ് കോടതിയെ സമീപിച്ചത്.

പാരമ്പര്യമായുള്ള പുരോഹിത കുടുംബമെന്ന നിലയില്‍ മസ്ജിദിനുള്ളില്‍ ആരാധന നടത്താന്‍ തങ്ങളെ അനുവദിക്കണമെന്നായിരുന്നു ശൈലേന്ദ്രയുടെ ആവശ്യം. ഇതിലാണ് കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പാണ് ഇതിനുപിന്നിലെന്ന് മസ്ജിദ് കമ്മിറ്റിയുടെ ആരോപണം. ബാബരി മസ്ജിദിന്റെ കാര്യത്തിലെടുത്ത അതേ നിലപാട് ഇവിടെ ആവര്‍ത്തിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്യാന്‍വാപി കേസിലെ നിര്‍ണായക വഴിത്തിരിവായാണ് കോടതി ഉത്തരവ് വിലയിരുത്തപ്പെടുന്നത്. മസ്ജിദ് പണിയുന്നതിന് മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നതായി സര്‍വേയില്‍ കണ്ടെത്തിയതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നിലപാട്.

കോടതി ഉത്തരവ് പ്രകാരം മാത്രമായിരിക്കണം ഗ്യാന്‍വാപി പള്ളിയില്‍ നടപടികള്‍ പുരോഗമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ”വാരാണസി കോടതി ഏഴ് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നിയമനടപടികള്‍ക്ക് മുകളില്‍ പോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്,” അഖിലേഷ് വ്യക്തമാക്കി.

 

 

 

ഗ്യാന്‍വാപിയുടെ നിലവറയില്‍ പൂജ തുടങ്ങി;
കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

Share

Leave a Reply

Your email address will not be published. Required fields are marked *