2047 ല്‍ വികസിത ഇന്ത്യ ലക്ഷ്യം; ധനമന്ത്രി

2047 ല്‍ വികസിത ഇന്ത്യ ലക്ഷ്യം; ധനമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇന്നത്തെ ബജറ്റില്‍, 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കിയെന്നും അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷം വലിയ സാമൂഹിക സാമ്പത്തിക മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു.
വളര്‍ച്ചയെ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക എന്ന് ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം രാജ്യത്ത് സമാനതകളില്ലാത്ത വികസനമായിരിക്കും ഉണ്ടാവുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ധനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷത്തിനിടെ സ്ത്രീ പ്രാതിനിധ്യം 28 ശതമാനമായി. 7 ഐഐടികള്‍, 16 ഐഐഐടികള്‍, 15 എയിംസ്, 390 യൂണിവേഴ്‌സിറ്റികള്‍ എന്നിവ ആരംഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തന്റെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എടുത്തു പറഞ്ഞു. 2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ശുഭാപ്തി വിശ്വാസം അവര്‍ പങ്കുവെച്ചു. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ വികസനം എന്ന ലക്ഷ്യത്തിനൊപ്പം 2047ല്‍ വികസിത ഭാരതം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി. അവരുടെ ആവശ്യങ്ങളെ പരിഗണിച്ചു. ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും ദരിദ്രരുടെ ഉന്നമനത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

 

2047 ല്‍ വികസിത ഇന്ത്യ ലക്ഷ്യം; ധനമന്ത്രി

 

Share

Leave a Reply

Your email address will not be published. Required fields are marked *