മധുര: തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രങ്ങള്‍ പിക്‌നിക് സ്‌പോട്ടുകളല്ലെന്ന് പറഞ്ഞ കോടതി പ്രവേശന കവാടങ്ങളില്‍ കൊടിമരത്തിന് ശേഷം അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
വ്യക്തികള്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും അവകാശമുണ്ടെന്നും മറ്റ് മതവിശ്വാസികള്‍ക്ക് ഹിന്ദു മതത്തില്‍ വിശ്വാസമില്ലെങ്കില്‍ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ ഭരണഘടന ഒരു അവകാശവും നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ബൃഹദീശ്വര ക്ഷേത്രത്തില്‍ അന്യമതത്തില്‍പ്പെട്ട ഒരു സംഘം ആളുകള്‍ ക്ഷേത്രപരിസരത്ത് മാംസാഹാരം കഴിച്ചതായ റിപ്പോര്‍ട്ടുകളും, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തില്‍ ഇതര മതത്തില്‍പ്പെട്ടവര്‍ അവരുടെ പുണ്യഗ്രന്ഥവുമായി ശ്രീകോവിലിനു സമീപം പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചതും ചൂണ്ടികാട്ടിയ ജഡ്ജി ഈ സംഭവങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു.
പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി