സിപിഎമ്മിന് മാപ്പ് നല്‍കാനാകില്ല, ഒരു സീറ്റു പോലും തരില്ല; കോണ്‍ഗ്രസിന് മമതയുടെ താക്കീത്. പശ്ചിമ ബംഗാളില്‍ ‘ഇന്ത്യ’ മുന്നണക്ക് മമതബാനര്‍ജിയുടെ താക്കീത്.സിപിഎമ്മുമായി സഹകരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാം എന്നാണ് മമതയുടെ പ്രസ്താവന. സീറ്റ് വിഭജന ചര്‍ച്ചയില്‍ രണ്ട് സീറ്റ് നല്‍കാമെന്ന തങ്ങളുടെ നിലപാട് തള്ളിയ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
”സിപിഎം എന്നെ പലതവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ദയാരഹിതമായി മര്‍ദിച്ചിട്ടുണ്ട്. എന്റെ അഭ്യുദയകാംക്ഷികളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. എനിക്കൊരിക്കലും സിപിഎമ്മിന് മാപ്പ് നല്‍കാനാകില്ല. ഇന്ന് സിപിഎമ്മിനൊപ്പമുള്ളവര്‍ക്ക് ബിജെപിക്കൊപ്പം പോകാനും കഴിയും. ഞാനവരോട് ക്ഷമിക്കില്ല”, മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ മമത പറഞ്ഞു.ഇടതുപക്ഷവുമായുള്ള സൗഹൃദം വിടാതെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന് ഇന്ത്യ മുന്നണി ചര്‍ച്ചകളുടെ സമയത്ത് മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു
നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. മമത ബാനര്‍ജിയും സിപിഎമ്മും തമ്മില്‍ ഒത്തുപോകില്ല എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന.തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന സിപിഎമ്മിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ്, സിപിഎമ്മിനെ കടന്നാക്രമിച്ച് മമത രംഗത്തെത്തിയത്. സിപിഎം ഭീകരവാദ പാര്‍ട്ടിയാണെന്നും അവരുമായി ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ല എന്നുമായിരുന്നു മമതയുടെ പ്രസ്താവന.
പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുമായുള്ള പ്രശ്നങ്ങളാണ് കോണ്‍ഗ്രസും ടിഎംസിയും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാതിവഴിയില്‍ അവസാനിക്കുന്നതിലേക്ക് വഴിതെളിച്ചത്. എട്ട് സീറ്റ് വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, രണ്ട് സീറ്റില്‍ കുടുതല്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ടിഎംസിയും നിലപാട് സ്വീകരിച്ചിരുന്നു.
സിപിഎമ്മിന് മാപ്പ് നല്‍കാനാകില്ല;ഒരു സീറ്റു പോലും തരില്ല; കോണ്‍ഗ്രസിന് മമതയുടെ താക്കീത്