ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പായ ഐഒഎസ് 18 പുറത്തിറങ്ങാനിരിക്കുകയാണ്. ആപ്പിളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ഐഒഎസ് 18 ന്റെ വരവ്. ഈ പുതിയ അപഡേറ്റ് ആപ്പിള്‍ ഫോണ്‍ രംഗത്തെ കുതിച്ചു ചാട്ടമായിരിക്കുമെന്നാണ് ബ്ലൂംബര്‍ഗ് കറസ്‌പോണ്ടന്റ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്.
ജൂണില്‍ നടക്കാനിരിക്കുന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട ആകാംഷ വര്‍ധിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഈ വേദിയില്‍ വെച്ചാണ് ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനുകളുടെ പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടുത്താറ്.
ആന്‍ഡ്രോയിഡില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഒഎസ് 18 വരാനിരിക്കുന്നത്. സാംസങിന്റെ എസ് 24 സീരീസിനൊപ്പം വിവിധങ്ങളായ എഐ അധിഷ്ടിത ഫീച്ചറുകളും അവതരിപ്പിക്കപ്പെട്ടിരുന്നു.
ഐഒഎസ് 18 ലും വിവിധങ്ങളായ എഐ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. ഗുര്‍മാന്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍, അത്യാധുനിക എഐ സാങ്കേതിക വിദ്യയുപയോഗിച്ച് സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ സിരി അപ്ഡേറ്റ് ചെയ്യപ്പെടും. ഇത് കൂടാതെ മെസേജസ് ആപ്ലിക്കേഷന്‍, മ്യൂസിക് ആപ്പ് തുടങ്ങിയവയിലും എഐ അധിഷ്ടിത സൗകര്യങ്ങള്‍ അവതരിപ്പിച്ചേക്കും.
ആപ്പിളിന്റെ ഡെവലപ്പ്മെന്റ് ടൂളുകളില്‍ ജനറേറ്റീവ് എഐ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം. ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നതിന് ഇത് ഉപകരിക്കും. പേജസ്, കീനോട്ട് തുടങ്ങിയ ആപ്പുകളിലും എഐ അപ്ഡേറ്റുകളെത്തും.
റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് ഐഒഎസ് 18 ല്‍ അവതരിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. ഇതുവഴി മെസേജ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡിലേക്കും തിരിച്ചുമുള്ള മെസേജിങ് കൂടുതല്‍ കാര്യക്ഷമമാവും.