2022 ആഗസ്ത് മുതല്‍ മഹാസഖ്യ സര്‍ക്കാരിന് ബീഹാറില്‍ നേതൃത്വം നല്‍കിയിരുന്ന നിതീഷ് കുമാര്‍ സഖ്യം പിരിച്ച് വിടുകയും, ബിജെപി പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ നടപടികള്‍ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹത്തെപോലുള്ള നേതാക്കളുടെ തീരുമാനങ്ങള്‍ ഭാവി തലമുറ വീക്ഷിക്കുമെന്നതിനാലും, ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നതിനാലും, സീനിയറായ നിതീഷ് കുമാറില്‍ നിന്നുണ്ടായ നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളെ അധികാരത്തില്‍ കൊണ്ടുവന്ന വോട്ടര്‍മാര്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയെടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ജനാധിപത്യത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികതയ്ക്ക് എതിരാണ്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും എന്ത് സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് നാം അഭിമാനം കൊള്ളുമ്പോള്‍, വോട്ട്‌ചെയ്ത വോട്ടര്‍മാരെ മണ്ടന്‍മാരാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനാധിപത്യത്തിന്റെ ശോഭ തല്ലിക്കെടുത്തുകയാണ്. ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ജനാധിപത്യത്തെ കച്ചവട രാഷ്ട്രീയത്തിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്ന നേതാക്കളെ ചരിത്രം എങ്ങിനെ വിലയിരുത്തും. മഹാത്മാ ഗാന്ധിയും, നെഹ്‌റുവും, പട്ടേലും, ഡോ.അംബേദ്കറും അസ്ഥിവാരമിട്ട മാതൃകാ ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന നേതാക്കള്‍ ഈ രാജ്യത്തിന് അപമാനമാണ്. സ്വന്തം കസേരയും, അധികാരവുമുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പച്ചപരവതാനി വിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആത്മ പരിശോധന നടത്താന്‍ തയ്യാറാവണം.
ജനാധിപത്യത്തെ ശക്തിപ്പെടുത്തലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കടമ, അല്ലാതെ അത് ദുര്‍ബലമാക്കലല്ല. സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നാടകങ്ങള്‍ കാണുമ്പോള്‍ പരിഹാസം തോന്നുകയാണ്. എംഎല്‍എമാരെയും, എംപിമാരെയും പാര്‍ട്ടിയും മുന്നണിയും മാറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ വോട്ട് ചെയ്ത, നികുതി ദായകരായ വോട്ടര്‍മാരെ പരിഹസിക്കുന്നതിന് തുല്യമാണ്. പരിപാവനമായ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, കച്ചവട-അധികാര രാഷ്ട്രീയമവസാനിപ്പിക്കാന്‍ ഭാരത ജനത ഉണരേണ്ടിയിരിക്കുന്നു. പുതുതലമുറ ഇക്കാര്യങ്ങള്‍ പഠിക്കുകയും, രാഷ്ട്രീയത്തിലെ ധാര്‍മ്മികതയും, മൂല്യ ബോധവും ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നോട്ട് വരണം. നിതീഷ് കുമാറിനെ പോലുള്ളവര്‍ നിറം കെടുത്തിയാലും തകരുന്നതല്ല ഇന്ത്യന്‍ ജനാധിപത്യം. അത് ജ്വലിച്ചു കൊണ്ടിരിക്കും. അതിന്റെ പ്രഭയില്‍ ജനാധിപത്യത്തെ കൊലവിളിക്കുന്നവര്‍ തകര്‍ന്നടിയുക തന്നെ ചെയ്യും. ജനങ്ങളാണ് ശക്തി. രാഷ്ട്രീയത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യുന്നവരെ മൂലക്കിരുത്തിയ പാരമ്പര്യമുള്ള ഇന്ത്യന്‍ ജനത ഇത്തരക്കാര്‍ക്ക് കണക്കിനുള്ള മറുപടി നല്‍കുക തന്നെ ചെയ്യും.