കോഴിക്കോട് :സമൂഹത്തില്‍ പോസറ്റീവിസം വളര്‍ന്നു വരേണ്ടതുണ്ടെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) യുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കില്‍ സര്‍ഗാത്മകതയെ വളര്‍ത്തിക്കൊണ്ടുവരണം. എന്നാലങ്ങനെയല്ല ഇന്ന് കേരളത്തില്‍ സംഭവിക്കുന്നത്. ജാഗ്രതയുള്ള സമൂഹത്തിനാണ് ജനാധിപത്യ സംവിധാനത്തില്‍ നിയമങ്ങളെക്കാള്‍ കരുത്തുള്ളത്.ജനമനസ്സുകള്‍ ഒന്നിച്ചാല്‍ അതിന് മുന്‍പില്‍ അസാധ്യമായ ഒന്നുമില്ല, ഏകീകൃതമായ മനസ്സുകളെ അരക്കിട്ടുറപ്പിക്കാന്‍ കഴിയുന്ന മിഷ് ഇന്ത്യക്കു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുസ്സമദ് സമദാനി എം പി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.പച്ചക്ക് വര്‍ഗീയത പറയുന്നതില്‍ യാതൊരു മടിയുമില്ലാതെ സമൂഹം എത്തിയ കാലത്താണ് നാം ജീവിക്കുന്നത്. ഇതിനെ ഇല്ലാതാക്കുവാനും ചെറുത്തു നില്ക്കുവാനും നമ്മള്‍ ഒറ്റക്കെട്ടായി ഒരു മനസ്സോടെ നില്‍ക്കുകയാണ് വേണ്ടത് അതിനുള്ള ചാലക ശക്തിയായി മിഷ് മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മിഷ് ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മിഷിന്റെ ലോഗോ മിഷ് വൈസ് ചെയര്‍മാന്‍ എം പി അഹമ്മദ് പ്രകാശനം ചെയ്തു. മേയര്‍ ബീനാ ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡോക്യൂമെന്ററി പ്രകാശനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.മിഷിന്റെ മുഖ്യ രക്ഷാധികാരി സാമൂതിരി രാജാവിന്റെ സന്ദേശം കൃഷ്ണന്‍ ഉണ്ണി രാജ വായിച്ചു.അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ, ഫാദര്‍ ഡോ.ജെയിംസ്, സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, ഖാസി സഫീര്‍ സഖാഫി ,ഡോ.കെ. മൊയ്തു,സി.ഇ. ചാക്കുണ്ണി,ആര്‍ ജയന്ത് കുമാര്‍ ,എന്‍.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
മിഷ് ജനറല്‍ സെക്രട്ടറി പി.കെ. അഹമ്മദ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അതിഥികള്‍ വെള്ളരി പ്രാവിനെയും ത്രിവര്‍ണ്ണ നിറത്തിലുള്ള ബലൂണ്‍ വിണ്ണിലേക്ക് ഉയര്‍ത്തി.
വിദ്യ കേന്ദ്രം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മത സൗഹാര്‍ദ്ദ സ്‌കിറ്റും അപക്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തീം സോങ്ങും അവതരിപ്പിച്ചു.
മിഷി’ന് തുടക്കമിട്ടു;സമൂഹത്തില്‍ പോസറ്റീവിസം വളര്‍ന്നു വരേണ്ടതുണ്ടെന്ന് ഗോവ ഗവര്‍ണര്‍