സര്‍ക്കാര്‍ ഭൂമി കയ്യേറ്റം;മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം;മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ കേസെടുത്ത് റവന്യു വകുപ്പ്. ചിന്നക്കനാലില്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് അധിക സര്‍ക്കാര്‍ ഭൂമി കൈവശം വച്ചതിനാണ് കേസ്. ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഭൂമി കയ്യേറിയതില്‍ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യു വകുപ്പ് ഇടുക്കി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാറാണ് കയ്യേറ്റം ചൂണ്ടിക്കാണിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്റോളം സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം കഴിഞ്ഞയാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഈ കണ്ടെത്തല്‍ ശരിവെച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആധാരത്തില്‍ വില കുറച്ചു കാണിച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമിയെ ചൊല്ലി അന്വേഷണം ആരംഭിക്കുന്നത്.
മൂന്ന് ആധാരങ്ങളിലായി 2022ല്‍ മാത്യു കുഴല്‍നാടനും 2 സുഹൃത്തുക്കളും ചേര്‍ന്നാണ് സൂര്യനെല്ലിയില്‍ ഒരേക്കര്‍ 14 സെന്റ് ഭൂമിയും 3 കെട്ടിടങ്ങളും വാങ്ങിയത്. ഭൂമികൈയേറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. വില്ലേജ് സര്‍വേയര്‍ സ്ഥലം അളന്ന ഘട്ടത്തില്‍ പട്ടയത്തിലുള്ളതിനെക്കാള്‍ സര്‍ക്കാര്‍ വക 50 സെന്റ് അധിക ഭൂമി കുഴല്‍നാടന്റെ പക്കലുള്ളതായാണ് റവന്യു ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ചിന്നക്കനാലിലെ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടനെതിരെ കേസെടുക്കുന്നത്.
50 സെന്റല്ല, 50 ഏക്കര്‍ ഭൂമി പിടിച്ചെടുത്താലും താന്‍ പിന്നോട്ട് പോകില്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഈ സ്ഥലം സര്‍ക്കാരിന്റേതായിരുന്നെങ്കില്‍ റജിസ്‌ട്രേഷന്‍ നടത്താന്‍ റവന്യൂ വകുപ്പ് അനുവദിച്ചത് എങ്ങനെയാണെന്നും കുഴല്‍നാടന്‍ ചോദിക്കുന്നു.

 

 

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം;മാത്യു കുഴല്‍നാടനെതിരെ
കേസെടുത്ത് റവന്യു വകുപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *