കൊല്‍ക്കത്ത:പൗരത്വ ഭേദഗതി (സി.എ.എ) ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍.ഞായറാഴ്ച പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബിജെപി എംപിയുടെ പ്രഖ്യാപനം.’അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ സി എ എ നടപ്പിലാകും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സിഎഎ നടപ്പാക്കും’ ബംഗാളില്‍ നിന്നുള്ള എംപികൂടിയായ കേന്ദ്ര മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നൂറുകണക്കിന് ആളുകള്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു.
സിഎഎ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ( ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍) ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി.
2019 ഡിസംബറില്‍ പാര്‍ലമെന്റ് സിഎഎ പാസാക്കുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎ നടപ്പാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു. സിഎഎ നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് വ്യക്തമാക്കിയത്.
വിവാദമായ സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാന ആയുധം. പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ മാനുവല്‍ അനുസരിച്ച്, ഏതെങ്കിലും നിയമനിര്‍മ്മാണത്തിനുള്ള ചട്ടങ്ങള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കുകയോ അല്ലെങ്കില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും നിയമനിര്‍മ്മാണ സമിതികളില്‍നിന്ന് കാലാവധി നീട്ടാനുള്ള അനുവാദം വാങ്ങുകയോ ചെയ്യണം. 2020 മുതല്‍ നിരവധി തവണയായി സി എ എ നിയമം നടപ്പിലാക്കാതെ നീട്ടിവയ്ക്കുകയാണ്.
പൗരത്വ ഭേദഗതി ഏഴ് ദിവസത്തിനുള്ളില്‍
രാജ്യത്ത് നടപ്പിലാക്കും; കേന്ദ്രമന്ത്രി