ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും

ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും കേന്ദ്ര സേനയുടെ സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍എസ്ജി കമാന്‍ഡോകള്‍ ഉണ്ടാവും. കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന ഗവര്‍ണറുടെ നിലപാടിന്റേയും പ്രതിഷേധത്തിന്റേയും പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര ഇടപെടല്‍. ആഭ്യന്തരമന്ത്രി അമിത് ഷായും ഉപരാഷ്ട്രപതിയും ഗവര്‍ണറെ ഫോണില്‍ വിളിച്ചു.

കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രതിഷേധത്തിനെതിരെ രണ്ടുമണിക്കൂര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിങ്കൊടി പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അന്ധാളിച്ചു. ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എല്ലാവര്‍ക്കും എതിരെ കേസെടുക്കണമെന്നും എഫ്.ഐ.ആറിന്റെ പകര്‍പ്പ് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ രണ്ടു മണിക്കൂറിന് ശേഷം ഗുരുതരവകുപ്പകള്‍ ചുമത്തിയെന്ന് എഫ്‌ഐആര്‍ കണ്ടുബോധ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ രാജ്ഭവന്‍ വിവരം അറിയിച്ചു. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നിസഹായരാണ്. കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

 

 

ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *