ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്; കമാന്‍ഡോകള്‍ രാജ്ഭവനില്‍

ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്; കമാന്‍ഡോകള്‍ രാജ്ഭവനില്‍

ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് ആദ്യ സിആര്‍പിഎഫ് കമാന്‍ഡോ സംഘം രാജ്ഭവനിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഗവര്‍ണര്‍ക്ക് ഇഡസ് പ്ലസ് സുരക്ഷ ഒരുക്കിയത്. തിരുവനന്തപുരത്ത് പൊലീസ് വലയം ഭേദിച്ച് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൂര്‍ണമായി തടയാന്‍ പൊലീസിന് സാധിച്ചില്ല. എസ്എഫ്‌ഐ വഞ്ചിയൂര്‍ എരിയ പ്രസിഡന്റ് രേവന്തിനെ അറസ്റ്റ് ചെയ്തു. ഗവര്‍ണറെ പരിഹസിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. സംഭാരവുമായി തിരുവനന്തപുരം തൈക്കാട് കാത്തുനിന്ന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അത്യന്തം നാടകീയമായ രംഗങ്ങളാണ് ഇന്ന് രാവിലെ നിലമേലില്‍ ഉണ്ടായത്. എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ രണ്ടുമണിക്കൂറോളമാണ് ഗവര്‍ണര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്. കരിങ്കൊടി പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അന്ധാളിച്ചു. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സഇടപെട്ട് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്.

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ രാജ്ഭവന്‍ വിവരം അറിയിച്ചു. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നിസഹായരാണ്. കരിങ്കൊടി കാണിക്കുന്നത് താന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ കാറിനടുത്തെത്തി ആക്രമിച്ചാല്‍ കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കുമെന്നും ഗവര്‍ണര്‍. ഇക്കാര്യം താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെയും കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി ഒന്നും മിണ്ടില്ല. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണറുമായി പോരിനിറങ്ങും. മുഖ്യമന്ത്രിക്ക് കേന്ദ്ര എജന്‍സികളെ ഭയമാണെന്നും നാടകമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണറുടേത് പൊറാട്ട് നാടകമെന്ന് എസ്എഫ്‌ഐ. ആരും ഗവര്‍ണറുടെ വാഹനത്തിനടുത്തേക്ക് പോയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തി ഗുരുതര വകുപ്പുകള്‍ ചുമത്തി. ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയാണെന്നും സമരം ശക്തമായി തുടരുമെന്നും ആര്‍ഷോ പറഞ്ഞു.

സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇത് തീക്കളിയെന്ന് വി.മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. ഗവര്‍ണര്‍ പദവി മറന്ന് പ്രവര്‍ത്തിക്കരുതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശമുണ്ട്. പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിപ്പോകരുതെന്നും നിര്‍ദേശമുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124 ചുമത്തിയത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ സംഭവമാണെന്നും മന്ത്രി പി.രാജീവ് ആലുവയില്‍ പറഞ്ഞു

ഗവര്‍ണറുടേത് റോഡ് ഷോയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുന്നു. ഇതുപോലൊരു ഗവര്‍ണറെ കണ്ടിട്ടില്ലന്നും മന്ത്രി പറഞ്ഞു. കേരളത്തിന് ഗവര്‍ണറെ ആവശ്യമില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഗവര്‍ണറുടെ നടപടിയില്‍ അതിശയവും അത്ഭുതവും തോന്നുന്നുവെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. നിലവില്‍ കേരള പോലീസാണ് സുരക്ഷ ഒരുക്കുന്നത്. ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയതോടെ 55 അംഗ സുരക്ഷാ സേനയാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല വഹിക്കുക.

 

 

 

ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്;
കമാന്‍ഡോകള്‍ രാജ്ഭവനില്‍

Share

Leave a Reply

Your email address will not be published. Required fields are marked *