ബോക്സിങ് റിങ്ങില്‍ ഇന്ത്യയുടെ ഇതിഹാസമായ എം.സി മേരി കോം വിരമിച്ചു. ആറു തവണ ലോക ചാമ്പ്യനും ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി ഇന്നു രാവിലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ബോക്സിങ്ങിനോടുള്ള പ്രണയം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളില്‍ എനിക്കു പങ്കെടുക്കാന്‍ സാധിക്കില്ല. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടി പൂര്‍ണതൃപ്തിയോടെയാണ് മടങ്ങുന്നത്”- വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മേരി പറഞ്ഞു.
രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ നടത്തുന്ന എലീറ്റ് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രായ പരിധി ഉള്ളതിനാലാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നും മേരി പറഞ്ഞു.
ആറു തവണ ലോകചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്സറും 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമാണ് മേരി. 2003-ലാണ് ആദ്യമായി ലോകചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. 2006-ല്‍ പത്മശ്രീയും 2009-ല്‍ ഖേല്‍രത്ന പുരസ്‌കാരും 2013-ല്‍ പത്മഭൂഷണും 2020-ല്‍ പത്മവിഭൂഷണും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022 വരെ രാജ്യസഭാംഗമായിരുന്നു.