തിരുവനന്തപുരം: സോളാറിലൂടെ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുവാന്‍ പദ്ധതിയുമായി കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍.തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ‘സോളാര്‍ സിറ്റി’ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോര്‍ജ്ജവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തില്‍ നിന്നും തിരുവനന്തപുരം നഗരസഭയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം നഗരപരിധിയിലെ 500ല്‍ പരം പൊതുകെട്ടിടങ്ങളില്‍ 16 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റുകള്‍ അനെര്‍ട്ട് സ്ഥാപിച്ചു കഴിഞ്ഞു. സമ്പൂര്‍ണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനും അനുമതിയായി.
തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് അടിസ്ഥാന വിലയുടെ 40% വരെ സബ്‌സിഡിയും അനുവദിക്കും. കൂടാതെ ഈ പദ്ധതിക്കായി വിവിധ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും നല്‍കും. ലോണിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 5% പലിശയിളവും നല്‍കുന്നുണ്ട്. നിലവില്‍ ഹോം ലോണുകള്‍ ഉള്ള ഗുണഭോക്താക്കള്‍ക്ക് ടോപ്-അപ് ആയി വായ്പ ലഭിക്കും.
2 കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഫ്‌ലാറ്റുകള്‍ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍ക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കാം.
അനെര്‍ട്ട് ടെന്‍ഡര്‍ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത കമ്പനികള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.