കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ നാലാം ബാച്ചിലെ വിദ്യാര്‍ത്ഥികളും ഇന്ന് സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡോക്ടര്‍മാരുടെ ഒരു അപൂര്‍വ്വ സംഗമത്തിനാണ് സ്നേഹത്തിന്റെ നഗരമായ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. സംഗമം 2024 എന്ന നാമധേയത്തില്‍ കൂട്ടായ്മ ഹോട്ടല്‍ ഹൈസണില്‍ ഒത്തു ചേര്‍ന്നത്. എല്ലാവരും എണ്‍പത് വയസ്സ് കഴിഞ്ഞവര്‍. സംസ്ഥാനത്തിനകത്തും, വിദേശങ്ങളിലും സേവനമനുഷ്ഠിച്ച വിദഗ്ധരായ ഭിഷഗ്വരന്മാര്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജ് രൂപംകൊണ്ടതിന് ശേഷം 1960ലാണ് ഇവര്‍ ഡോക്ടര്‍മാരാകാന്‍ വിദ്യാര്‍ത്ഥികളായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം കല്‍പ്പറ്റയില്‍ നടന്ന സംഗമത്തിന് ശേഷം തങ്ങളെ വിട്ടുപിരിഞ്ഞ മൂന്ന് പ്രിയ സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ബാഷ്പാജ്ഞലിയര്‍പ്പിച്ചും. അക്കാലത്ത് പഠിപ്പിച്ച ഗുരുക്കന്മാരുടെ സ്മരണകളോടെയായിരുന്നു സംഗമത്തിന് തുടക്കം കുറിച്ചത്. പരിപാടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ ഡോ.കെ അശോക് കുമാര്‍ സംഗമത്തിന് നേതൃത്വം നല്‍കി. അന്ന് 150 പേരാണ് നാലാം ബാച്ചില്‍ പഠിച്ചിരുന്നത്. അതില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ 90 പേരാണ്. ശാരീരിക അവശതകള്‍ വകവെക്കാതെയാണ് 50ഓളം പേരും, അവരുടെ കുടുംബാംഗങ്ങളും സംഗമത്തിനെത്തിയത്.
കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സംഗമത്തിലെ ഗുരുസ്ഥാനീയരായ ഡോക്ടര്‍മാരുടെ ശിഷ്യനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ.എന്‍.അശോകന്‍ സംഗമം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പി.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ.ശങ്കര്‍ മഹാദേവന്‍, ഡോ.മുരളീധരന്‍ നമ്പൂതിരി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ ഡോ.കെ അശോക് കുമാര്‍ സംഗമത്തിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. പ്രായത്തെ മറന്നാണ് പരിപാടികളില്‍ അംഗങ്ങള്‍ മുഴുകിയത്. ഡോ.കാര്‍ത്ത്യായനി ജോസ്, ഡോ.ചെല്ലമ്മ എന്നിവര്‍ സ്റ്റേജില്‍ നടന വൈഭവത്തിന്റെ അലയൊലികള്‍ തീര്‍ത്തപ്പോള്‍ സദസ്സ് എല്ലാം മറന്ന് ആസ്വദിച്ചു.
പാട്ടും, തമാശ പറച്ചിലുമായി സ്നേഹ സാഗരത്തില്‍ കൂട്ടുകാരെല്ലാവരും ആറാടി. ഡോക്ടര്‍മാരായ ടി.പി.വി.സുരേന്ദ്രന്‍, ഡോ.നൂറുദ്ദീന്‍, ഡോ.രാഘവന്‍, ഡോ.സുധാരത്നം എന്നിവര്‍ നേതൃത്വം നല്‍കി. ഞായര്‍ കാലത്ത് എല്ലാവരും മെഡിക്കല്‍ കോളേജിലെത്തി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഗുരുനാഥന്മാരെ സ്വീകരിച്ചു.തങ്ങള്‍ പഠിച്ച പഴയ ക്ലാസ് റൂമുകള്‍, ലേഡീസ് ഹോസ്റ്റല്‍ ഉണ്ടായിരുന്നത് പൊളിച്ച് ഇപ്പോള്‍ നിര്‍മ്മിച്ച പി എസ് വൈ എം കാഷ്വാലിറ്റി കോംപ്ലക്സ് എന്നിവ സന്ദര്‍ശിച്ചും പൂന്തോട്ടത്തിലിരുന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തും 64 വര്‍ഷം മുന്‍പുള്ള മെഡിക്കല്‍ കോളേജിലെ ഓര്‍മ്മകളിലേക്ക് അവരെല്ലാവരും ഊളിയിട്ടിറങ്ങി. നന്മയുടെ നഗരമായ കോഴിക്കോട് നല്‍കിയ ആതിഥ്യത്തിന് നന്ദി പറഞ്ഞ് 2025ല്‍ പാലക്കാട് നടക്കുന്ന അടുത്ത സംഗമത്തില്‍ ഒത്തുചേരാമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ പരസ്പരം സ്നേഹാഭിവാദനം നേര്‍ന്ന് പിരിഞ്ഞു.