കോഴിക്കോട്: മൂന്ന് വര്‍ഷം മുന്‍പ് നമ്മെ വിട്ട് പിരിഞ്ഞ ഇ.വി.ഉസ്മാന്‍കോയ കോഴിക്കോടിന്റെ കോണ്‍ഗ്രസ് മുഖമായിരുന്നുവെന്ന് എം.കെ.രാഘവന്‍ എം.പി.പറഞ്ഞു. അളകാപുരിയില്‍ സംഘടിപ്പിച്ച ഇ.വി.ഉസ്മാന്‍കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലധികം കാലത്തെ ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. എ.കെ.ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കളുമായും സാധാരണ പ്രവര്‍ത്തകരുമായും അദ്ദേഹം ആത്മ ബന്ധം പുലര്‍ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്നു ഇ.വി.ഉസ്മാന്‍കോയ. അദ്ദേഹം ധരിച്ച തൂവെള്ള ഖാദി പോലെ നിര്‍മ്മലമായ മനസായിരുന്നു അദ്ദേഹത്തിന്റേത്. വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ രാഷ്ട്രീയ ആവശ്യത്തിനായി ശ്രീരാമനെ ഉപയോഗിക്കുകയാണ്. ഗാന്ധിജി സത്യത്തിന്റെ പ്രതീകമായിട്ടാണ് ശ്രീരാമനെ ഉയര്‍ത്തിപ്പിടിച്ചത്. മര്യാദ പുരുഷോത്തമനും, സത്യത്തിന്റെയും അഹിംസയുടെയും, നീതിബോധത്തിന്റെയും പ്രതീകമായ ശ്രീരാമനെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഉയര്‍ത്തുന്നത് രാജ്യത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന് സമൂഹം ചിന്തിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ഡോ.കുഞ്ഞാലി അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സി.ബി.വി സിദ്ദീഖിന് ഇ.വി.ഉസ്മാന്‍കോയ സ്മാരക പുരസ്‌കാരം എം.കെ.രാഘവന്‍ എം.പിയും, ഡോ.എം.കെ.മുനീര്‍ പ്രശസ്തി പത്രവും സമ്മാനിച്ചു. കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍, സി പി ഐ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.വി.ബാലന്‍, ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.എം രാജന്‍, കെ.മൊയ്തീന്‍കോയ, സി.ഇ.വി.ഗഫൂര്‍, ഡോ.കെ.മൊയ്തു, ആര്‍.ജയന്ത്് കുമാര്‍, എം.പി.ഇമ്പിച്ചഹമ്മദ്, എം.വി.റംസി ഇസ്മയില്‍ സംസാരിച്ചു.