ഇനി മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കാനഡ. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പഠന വിസയ്ക്കുള്ള അപേക്ഷകള്‍ 2024-ല്‍ അനുവദിക്കുന്ന നിരക്ക് 35 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. കാനഡയിലേക്കെത്തുന്ന വിദേശികളുടെ അനിയന്ത്രിതമായ വര്‍ദ്ധനവാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാനഡയെ നയിച്ചത്.
2023-ല്‍ ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കാനഡയിലെത്തിയിരുന്നത്. വിദ്യാര്‍ഥികളെയും ഭവന വിപണിയെയും സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
2022-ല്‍ കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി ജനസംഖ്യയുടെ 40 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പി ആര്‍ എടുത്ത് സ്ഥിരതാമസമാക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യക്കാരുടെ പ്രിയസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് കാനഡ.
അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെ, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവര്‍ വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് പുറമെ സ്ഥിരതാമസമാക്കാനും ലക്ഷ്യമിട്ടാണ് ക്യാനഡയിലേക്കെത്തുന്നത്. പ്രാദേശിക വിദ്യാര്‍ഥികളെ അപേക്ഷിച്ച് മൂന്നിരട്ടി ഫീസും ഇതിനായി ചെലവാക്കാറുണ്ട്. നിലവിലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാനഡയിലെ വിദ്യാര്‍ഥി അവകാശ സംഘടനയായ കനേഡിയന്‍ അലയന്‍സ് ഓഫ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പാര്‍പ്പിടമാണ് ആവശ്യമെന്നും ഏറ്റവും വലിയ പ്രശ്നം വിസ പരിധി നിശ്ചയിച്ചതാണെന്നും അസോസിയേഷന്‍ പറഞ്ഞു.