ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ വ്യാഴാഴ്ച വിധി പറയും. കേസില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. പ്രതികളുടെ മാനസികാരോഗ്യ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. മാവേലിക്കര .അഡീ. സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് കേസ് പരിഗണിച്ചത്.
സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടില്ല. പ്രതികള്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍, മൃഗീയ കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതികള്‍ നിരോധിത തീവ്രവാദ സംഘടനയുടെ അംഗങ്ങളാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രണ്ടുമണിക്കൂറോളം നീണ്ട കനത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. കേസ് പരിഗണിക്കും മുന്‍പ് പതിനഞ്ച് പ്രതികളെയും കേള്‍ക്കുമെന്നും അവരുടെ നിലവിലെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്.