കോഴിക്കോട്: നഗര മധ്യത്തില്‍ നടക്കാവ് വയനാട് റോഡില്‍, കെ എസ് ആര്‍ ടി സി ഗാരേജിന് മുന്‍വശം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിലാകെ വെള്ളമൊഴുകി, ഗര്‍ത്തം രൂപപ്പെട്ട് വാഹനങ്ങളും യാത്രക്കാരും അപകടത്തില്‍ പെടുമ്പോഴും നിഷ്‌ക്രിയ സമീപനമാണ് വാട്ടര്‍ അതോറിറ്റിയുടേത്. മൂന്ന് മാസം മുന്‍പ് ഇതേ സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ട് അപകടങ്ങള്‍ പതിവായിരുന്നു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജോയ്പ്രസാദ് പുളിക്കലിന്റെയും, കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യുവിന്റെയും നേതൃത്വത്തില്‍ ഗര്‍ത്തത്തില്‍ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ബഹുജനരോഷം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യൂഡിയും ചേര്‍ന്ന് റോഡിലെ കുഴി അടച്ചിരുന്നു. അന്ന് തന്നെ ഈ പ്രവര്‍ത്തി കുറ്റമറ്റതായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഒരാഴ്ചക്കാലമായി ഈ ഭാഗത്ത് രണ്ടിടത്തായി പൈപ്പ് പൊട്ടിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അതിശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്ന് ജോയ്പ്രസാദ് പുളിക്കല്‍ മുന്നറിയിപ്പ് നല്‍കി.