സിബിഎസ്ഇ പൊതു പരീക്ഷ 2024-25 അധ്യായന വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ട് സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്‍) ബോര്‍ഡ് പരീക്ഷകള്‍ വീതം നടത്താന്‍ തീരുമാനം. വാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാണ് ഈ തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.2024-25 അധ്യായന വര്‍ഷത്തില്‍ ആരംഭിക്കുന്ന 10, 12 ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയോടെയായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരുക.
ആദ്യമായിട്ടാണ് ഒരു വര്‍ഷം രണ്ട് വാര്‍ഷിക പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇ തീരുമാനമെടുക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് 2024-25 അധ്യായന വര്‍ഷം മുതല്‍ രണ്ട് തവണ വാര്‍ഷിക പരീക്ഷ നടത്തുമെന്ന കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ ഒന്‍പത്, 11 ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കായിരിക്കും പുതിയ തീരുമാനം ബാധകമാകുക. ഇപ്പോഴത്തെ പത്ത്, 12 ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല.
‘വാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് അടുത്ത തവണ പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്. ആദ്യ സെറ്റ് പരീക്ഷയില്‍ നല്ല മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടിക്ക് അടുത്ത തവണ പരീക്ഷയ്ക്ക് എത്തണമെന്നില്ല’, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് പരീക്ഷകളിലും നേടിയ മാര്‍ക്കില്‍ നിന്ന് മികച്ചതായിരിക്കും അന്തിമ ഫലത്തിനായും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കാനുമായി തിരഞ്ഞെടുക്കുക.