തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തിനില്ലെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്ര അവഗണനയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നികുതി പിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കെടുകാര്യസ്ഥതയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രണ്ട് ധവളപത്രങ്ങള്‍ ഇറക്കിയിരുന്നു. അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാത്ത സര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്‍പര്യം മാത്രമല്ല, രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും യുഡിഎഫ് സംശയിക്കുന്നതായി കത്തില്‍ തുറന്നുപറയുന്നു.
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നത്. നികുതിപിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂര്‍ത്തുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത് എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു. ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്തുന്നതും സ്വര്‍ണം, ബാര്‍ എന്നിവയില്‍ നിന്നുള്ള നികുതി പിരിവ് പരാജയപ്പെട്ടതുമാണ് ധനപ്രതിസന്ധിയുടെ മുഖ്യകാരണങ്ങള്‍.
വന്‍കിട പദ്ധതികളുടെ പേരില്‍ നടക്കുന്ന അഴിമതിയും ധൂര്‍ത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും കുറ്റപ്പെടുത്തലുണ്ട്. വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവുന്നതിലും പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെവീഴ്ചകള്‍ അക്കമിട്ടു നിരത്തി സുദീര്‍ഘമായ കത്ത് നല്‍കിയാണ് തങ്ങള്‍ ഇത്തരമൊരു സമരത്തിനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്.