തിരുവനന്തപുരം: തൃശ്ശൂരില്‍ ഏതാണ്ട് സിപിഐയെ കുരുതികൊടുക്കാന്‍ തീരുമാനിച്ചുവെന്നും ബാക്കി ഘടകക്ഷികളെ കുരുതികൊടുക്കുമോ എന്നുള്ളത് തിരഞ്ഞെടുപ്പില്‍ കാണാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പിണറായി-മോദി അവിശുദ്ധ കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടുപോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതില്‍നിന്നുതന്നെ അവര്‍തമ്മിലുള്ള അന്തര്‍ധാര വ്യക്തമായിക്കഴിഞ്ഞു. പക്ഷേ, ഒരു കാര്യം മുഖ്യമന്ത്രി മനസിലാക്കണം. 1977-ല്‍ ഇതേ ശക്തികളുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് വട്ടപൂജ്യമാണ് പാര്‍ലമെന്റിലേക്ക് കിട്ടിയത്. അത് ഇത്തവണ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇത്രയും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഞങ്ങളെ കാണുമ്പോള്‍ ചീറികടിക്കാന്‍ വരുന്നയാള്, അനുസരണയുള്ള ആട്ടിന്‍ക്കുട്ടിയായി മോദിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അത് കുരുക്കില്‍ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അത് പക്ഷേ നടക്കില്ല, ഞങ്ങള്‍ തുറന്നുകാണിക്കും.
പല കേസുകളിലും ഇപ്പോള്‍ അനക്കമില്ല. ലാവലിന്‍ ഏതാണ്ട് പോയി, കരുവന്നൂരിനേക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. കൂടുതല്‍ കൂടുതല്‍ കുരുക്കിലേക്ക് സര്‍ക്കാര്‍ പോവുകയാണ്. അത് ഊരാനുള്ള ശ്രമങ്ങള്‍ പിണറായി നടത്തുകയാണ്. ഞങ്ങള്‍ പറയുന്നത് സത്യം പുറത്തുവരണമെന്നാണ്, അതിന് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കള്ളകേസുണ്ടാക്കുന്നവനെ കോടതിയും ഭാവിയില്‍ ജയിലിലും ഞങ്ങള്‍ കയറ്റും.
വിചാരണാ സദസ്സില്‍ ആരും നിര്‍ബന്ധിച്ച് വരുന്നവരല്ല. പാര്‍ട്ടിയോടും മുന്നണിയോടുമുള്ള വികാരത്തിന്റെ ഭാഗമായാണ് അവരെത്തുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറി മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുള്ള ഉദ്യോഗസ്ഥരും സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടുവരുന്ന ജീവനക്കാരും തൊഴിലുറപ്പുകാരും പിന്നെ സിപിഎമ്മിന്റെ സ്ഥിരം കുറ്റികളുമാണ് നവകേരള സദസ്സിലേക്ക് വന്നത്. അവര്‍ ഷോ കാണിക്കുകയാണ്. എന്നാല്‍ ഞങ്ങളുടേത് യഥാര്‍ഥ പ്രവര്‍ത്തകരെ ഉള്‍ക്കൊണ്ടുക്കൊണ്ടുള്ള വിചാരണ സദസ്സുകളാണ്. അത് വിജയമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതിനിടെ ചിലയിടത്തുള്ള പോരായ്മകള്‍ പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.