നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പാല്‍ കുടിക്കുന്നത് ശരീര വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ദിവസവും കുടിക്കുന്നത് ശീലമാക്കാം.
ശരീരഭാരം കുറയ്ക്കാന്‍ പാല്‍
പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. ബ്രാഞ്ച്ഡ് ചെയ്ന്‍ അമിനോ ആസിഡ് അടങ്ങിയതിനാല്‍ മസില്‍ മാസ് ഉണ്ടാകാനും നിലനിര്‍ത്താനും പാല്‍ സഹായിക്കും. പാലിലെ കേസിന്‍, വേയ് പ്രോട്ടീനുകളും പേശികളുടെ നിര്‍മാണത്തിനു സഹായിക്കും.
പ്രമേഹത്തെ അകറ്റി നിര്‍ത്തും
ദിവസവും പാല്‍ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങള്‍ ഉള്ളതിനാല്‍ പാല്‍ കുടിക്കുന്നത് മലാശയ അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ അധികമായാല്‍ അമൃതവും വിഷമെന്ന പോലെ തന്നെയാണ് പാലിന്റെ കാര്യവും. ദിവസവും രണ്ടില്‍ കൂടുതല്‍ ഗ്ലാസ് പാല്‍ കുടിച്ചാല്‍ സ്ത്രീകളില്‍ അസ്ഥി ഒടിവിന് കാരണമായേക്കും. കൂടാതെ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാക്കുമെന്ന് 2016ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
അഞ്ച് ശതമാനം വരെ കുട്ടികളില്‍ പാല്‍ അലര്‍ജിയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് ചര്‍മ്മം ഡ്രൈയാവാനും ഉദരരോഗങ്ങള്‍ കാരണമാകും. കാത്സ്യം കൂടുതല്‍ അടങ്ങിയതിനാല്‍ കൂടിയ അളവില്‍ പാല്‍ പതിവായി ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടും.
പാല്‍ ആരോഗ്യത്തെ സംരക്ഷിക്കും; എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ട്