തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റന്‍ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആ സമയം പൂര്‍ത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അര്‍ജന്റീനയുമായി ഫുട്‌ബോള്‍ പരിശീലനത്തിന് ദീര്‍ഘകാല കരാര്‍ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്റീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമംഗങ്ങള്‍ മുഴുവന്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
അടുത്തവര്‍ഷം ഒക്ടോബറിലാകും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തുക. ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു.
അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വര്‍ഷം ജൂണില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തില്‍ മഴക്കാലമായതിനാല്‍ അര്‍ജന്റീന പ്രയാസം അറിയിച്ചതിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. ഈ വര്‍ഷം ജൂണില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും അര്‍ജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്.