കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിക്കുന്നതാണ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വസ്തുത പലരും മറക്കാറുണ്ട്. കൃത്യമായ നിയന്ത്രണമില്ലാതെ ആഹാരം കഴിക്കരുത്. നല്ല ഭക്ഷണം ശരിയായ സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കഴിയ്ക്കുക എന്നതാണ് ആഹാരകാര്യത്തിന്റെ അടിസ്ഥാന തത്വം. എല്ലാം കഴിക്കേണ്ടതിന് ഒരു പ്രത്യേക രീതിയുണ്ട്. ചില ആഹാരങ്ങള്‍ ചില ആഹാരങ്ങള്‍ക്കൊപ്പം കഴിക്കരുത്. അത് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കും. ആയുര്‍വേദം വിധിക്കുന്ന ചില ഭക്ഷണനിയന്ത്രണങ്ങള്‍. ഇപ്രകാരമാണ്.
ചിക്കനും മീനും ഒരിക്കലും പാല്‍, എള്ള്, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
ഉപ്പിലിട്ടവയും പാലും അടുത്തടുത്ത് കുടിക്കരുത്. അവ പരമാവധി രണ്ട് സമയങ്ങളിലായി കഴിക്കാന്‍ ശ്രമിക്കുക.
പാലും നാരങ്ങയും ഒരുമിച്ച് കഴിക്കരുത്. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. അതുപോലെ, പുളിയുള്ള ഭക്ഷണങ്ങളൊന്നും പാലിനൊപ്പം കഴിയ്ക്കരുത്.
പാകം ചെയ്ത് ഭക്ഷണങ്ങളും അല്ലാത്തവയും ഒരുമിച്ചു കഴിയ്ക്കരുത്. സാലഡ് പോലുള്ളവ ഭക്ഷണത്തിനു ശേഷം അല്‍പം കഴിഞ്ഞു മാത്രം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഉരുളക്കിഴങ്ങ്, തക്കാളി, ക്യാബേജ്, മുളക് എന്നിവ തൈര്, പാല്‍, എന്നിവയ്‌ക്കൊപ്പം കഴിയ്ക്കരുത്. വിപരീത ഗുണങ്ങളുള്ള ഭക്ഷണങ്ങളാണിവ.
പാല്‍, ഇറച്ചി, തൈര്, പഴം എന്നിവയ്‌ക്കൊപ്പം മുട്ട കഴിയ്ക്കരുത്. ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍ പുതിയ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കരുത്. ഇവ ചൂടാക്കുമ്പോള്‍ അല്‍പം നെയ്യ്, കുരുമുളകുപൊടി എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് ഗുണം നല്‍കും.
പാല്‍, തൈര്, സംഭാരം എന്നിവയ്‌ക്കൊപ്പം പഴം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്‌നങ്ങളുണ്ടാക്കുക മാത്രമല്ല, ശരീരത്തില്‍ ടോക്‌സിനുകള്‍ ഉല്‍പാദിപ്പിച്ച് ചുമയും ജലദോഷത്തിനും കാരണമാകും.
ഭക്ഷണത്തിനു ശേഷം തണുത്ത സാധനങ്ങള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കണം. ഒരുകാരണവശാലും രാത്രി ഭക്ഷണത്തിന് ശേഷം ഫ്രിഡ്ജില്‍ വച്ച ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇത് ദഹനപ്രശ്‌നങ്ങള്‍, അലര്‍ജി, ജലദോഷം എന്നിവയ്ക്കു കാരണമാകും.
തേനുംനെയ്യും ഒരുമിച്ച് കഴിയ്ക്കരുത്. ഇവ വ്യത്യസ്ത ഗുണങ്ങളോടു കൂടിയവയാണ്. തേന്‍ ചൂടും നെയ്യ് തണുപ്പുമാണ്. മധുരവും പുളിയുമുള്ള പഴവര്‍ഗങ്ങള്‍ ഒരുമിച്ചു കഴിയ്ക്കുന്നതും ദോഷം ചെയ്യും.