കൂടുതല്‍ ജീവനക്കാരെ ഈ വര്‍ഷം പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജോലി എളുപ്പമാക്കുന്നതിനും വേഗത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പിരിച്ചുവിടലെന്നാണ് പിച്ചൈ മെമ്മോയിലൂടെ അറിയിച്ചത്. കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയറുകളും ജോലി ഭാരം ലഘൂകരിക്കുന്നതിന് ഉപകരണങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം പിരിച്ചുവിടല്‍ തുടരുമെന്നും സൂചനകളുണ്ട്.
ഈ 10-ാം തിയതി മുതല്‍ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഗൂഗില്‍ പിരിച്ചു വിട്ടത്.ഈ പിരിച്ചു വിടല്‍ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കില്ലെന്നും പിച്ചൈ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വലിയ ഗോളുകളാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറയുന്നു.
എല്ലാ പ്രതിനിധികള്‍ക്കും ഇമെയില്‍ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മെമ്മോയിലെ മറ്റ് ഉള്ളടക്കങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഗൂഗിള്‍ പ്രതിനിധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗൂഗിള്‍ ആഗോളതലത്തില്‍തന്നെ 12000 ജോലികള്‍ (6 ശതമാനം) വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടതായി അറിയിച്ചിരുന്നു. 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,82,381 ജീവനക്കാരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്.