തണുത്ത് വിറച്ച് തമിഴ്നാട്ടിലെ ഊട്ടിയുള്‍പ്പെടയുള്ള മലയോര ജില്ലകള്‍. ഇവിടെ ദിവസങ്ങളായി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. സാധാരണഗതിയില്‍ ജനുവരി മാസങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ ശൈത്യമേറിയ കാലാവസ്ഥയാണിത്. വലിയതോതില്‍ കൃഷിയുള്ള സ്ഥലങ്ങളാണ് ഉദകമണ്ഡലമുള്‍പ്പെടെയുള്ള മലയോരഭൂമി. അതുകൊണ്ടുതന്നെ ഈ തണുപ്പ് കൃഷിയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അവിടങ്ങളിലെ പുല്‍ത്തകിടുകളിലും മരങ്ങളിലും കോടമഞ്ഞു നിറഞ്ഞു നില്‍ക്കുന്ന കാഴ്ച സ്ഥിരമാണ്. റോഡുകളില്‍ ഉള്‍പ്പെടെ കോടമഞ്ഞ് കാഴ്ച തടസപ്പെടുത്തുന്നതായും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നതായും പ്രദേശവാസികള്‍ പറയുന്നു.
പ്രദേശവാസികളും പരിസ്ഥിതിപ്രവര്‍ത്തകരും നിലവിലെ കാലാവസ്ഥയില്‍ ആശങ്കാകുലരാണ്. നീലഗിരി മലനിരകളെ സംബന്ധച്ച് ഈ കാലാവസ്ഥാമാറ്റം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് അവിടങ്ങളിലെ ചായത്തോട്ടങ്ങളെയും പച്ചക്കറിത്തോട്ടങ്ങളെയും ഇത് വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഡിസംബറിലുണ്ടായ കനത്ത മഴയും ഇപ്പോഴുള്ള ഈ ശക്തമായ തണുപ്പും നീലഗിരിയിലെ ചായത്തോട്ടങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.