കോഴിക്കോട്: കത്തോലിക്ക-ആംഗ്ലിക്കന്‍ സഭകള്‍ തമ്മിലുള്ള ഐക്യസംവാദം ജനുവരി 22 മുതല്‍ 29 വരെ നടക്കും. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും യു.കെ. യിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇരുസഭകളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള തീരുമാനങ്ങളുണ്ടാവും.
27 ബിഷപ്പുമാര്‍ വീതമാണ് ഇരുവിഭാഗങ്ങളില്‍ നിന്ന് സംവാദത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് വസായി ആര്‍ച്ച് ബിഷപ്പ് ഫെലിക്‌സ് മക്കാഡോ, കത്തോലിക്ക വിഭാഗത്തെയും, സി.എസ്.ഐ. മലബാര്‍ മഹായിടവക ബിഷപ്പ്. റെവ. ഡോ. റോയിസ് മനോജ് വിക്ടര്‍ ആംഗ്ലിക്കന്‍ വിഭാഗത്തെയും പ്രതിനിധാനം ചെയ്യും. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ഈ ആഗോളകമ്മിഷന്‍ സമ്മേളിക്കുന്നത്. ഐക്യസംവാദത്തില്‍ പങ്കെടുക്കാന്‍ പോകുന്ന മലബാര്‍ മഹായിടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടറിന് കോഴിക്കോട് സൗഹൃദ കൂട്ടായ്മ നാളെ നാലുമണിക്ക് യാത്രയയപ്പ് നല്‍കും.